അടിമാലി: പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ടു കൊണ്ട് കേവലം രണ്ട് ശതമാനം മാത്രം ഡി.എ മുൻകാല പ്രാബല്യം ഇല്ലാതെ പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ച് പ്രതിഷേധിച്ചു. സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും എക്കാലവും ചതിച്ച ഒരു ഗവൺമെന്റ് ആണ് ഭരണത്തിൽ ഇരിക്കുന്നതെന്നും ജീവനക്കാർ പകരം വീട്ടാൻ കാത്തിരിക്കുകയാണെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വർഗീസ് പറഞ്ഞു.കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് ആറ്റ്‌ലി വി കെ മുഖ്യ പ്രഭാഷണം നടത്തി..ഉപജില്ല പ്രസിഡന്റ് വിൽസൺ കെ ജി അദ്ധ്യക്ഷതവഹിച്ചു. മുൻസംസ്ഥാന നിർവാഹക സമിതി അംഗം സി കെ മുഹമ്മദ് ഫൈസൽ, മുൻ ജില്ലാ പ്രസിഡന്റ് ഡെയ്‌സ്ൺ മാത്യു , ഉപജില്ലാ സെക്രട്ടറി സോമിൻ ജോസഫ് , ട്രഷറർ ആൽബിൻ കെ ആന്റണി, ശ്രീകല സി വി തുടങ്ങിയവർ സംസാരിച്ചു.