ഇടുക്കി: ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. ഇലക്ഷൻ വിഭാഗത്തിലാണ് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ, തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങൾ എന്നിവയ്ക്ക് കൺട്രോൾ റൂം മുഖേന മറുപടി ലഭിക്കും. 1950 എന്ന ടോൾ ഫ്രീ നമ്പറിലും 04862 233037, 04862 296037 എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്കു ബന്ധപ്പെടാവുന്നതാണ്.
പൊതുജനങ്ങൾക്ക്
വിവരം നൽകാം
ലോക്‌സഭാ തിരഞ്ഞെടുപ്പനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി ജില്ലയിൽ പ്രത്യേക പൊലീസ് സംഘം പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാദ്ധ്യമ ഇടപെടലുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകാം. വാട്‌സ്ആപ്പ് നമ്പർ 9497942706, ഇ-മെയിൽ smcidki@gmail.com.
ആയുധങ്ങൾ കൈവശം
വയ്ക്കുന്നതിന് വിലക്ക്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുജനങ്ങൾ ആയുധം കൈവശം വയ്ക്കുന്നത് നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഷീബാ ജോർജ്ജ് ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകൾ, വാളുകൾ, ലാത്തികൾ തുടങ്ങിയവ പൊതുജനങ്ങൾ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് ഉത്തരവ്. ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലുവരെ വിലക്ക് തുടരും. വിലക്കു ലംഘിക്കുന്നവർ ഐ.പി.സി. 188 പ്രകാരം പ്രോസിക്യൂഷൻ നടപടികൾ നേരടേണ്ടി വരും. ക്യാഷ് ചെസ്റ്റുകൾ സൂക്ഷിക്കുന്നതിനാൽ സുരക്ഷ ആവശ്യമുള്ള ദേശസാൽകൃത, സ്വകാര്യ ബാങ്കുകൾ, തോക്കുപയോഗിച്ച് കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന, ദേശീയ റൈഫിൾസ് അസോസയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കായികതാരങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമല്ല. പൊലീസ് അല്ലെങ്കിൽ ഹോം ഗാർഡുകൾ, മറ്റ് സായുധ പൊലീസ് വിഭാഗങ്ങൾ, ഡ്യൂട്ടിയിലുള്ള സർക്കാരിന്റെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങൾ പ്രദർശിപ്പിക്കാൻ അവകാശമുള്ള സമുദായങ്ങൾക്കും വിലക്ക് ബാധകമായിരിക്കില്ല.