ഉടുമ്പൻചോല: ജില്ലയിലെ കുടുംബരോഗ്യ കേന്ദ്രമായ ഉടുമ്പൻചോല കുടുംബരോഗ്യ കേന്ദ്രത്തിന് വീണ്ടും അഭിമാന തിളക്കം. മികച്ച ഗുണനിലവാരം പുലർത്തുന്ന സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുന്ന എൻ. ക്യു. എ. എസ് സർട്ടിഫിക്കേഷൻ വീണ്ടും ഉടുമ്പൻചോല കുടംബരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. 2021 ലാണ് ആദ്യമായി എൻ. ക്യു. എ. എസ് ലഭിക്കുന്നത്. ഒരോ മൂന്നുവർഷവും കൂടുമ്പോഴുള്ള റീ അസസ്‌മെന്റിലും മികച്ച നേട്ടത്തോടെയാണ് കുടുംബരോഗ്യ കേന്ദ്രത്തിന് ഈ ബഹുമതി തേടിയെത്തിയത്. എം എം മണി എം. എൽ. എയുടെ വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് നിർമിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് കുടുംബരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ സൗകര്യം വർദ്ധിപ്പിക്കുന്നതിന് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് ഭരണസമിതി മികച്ച പിന്തുണയാണ് നൽകുന്നത്. ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം ഇടുക്കി എന്നിവയുടെ പിന്തുണയോടെ ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജികുമാറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെയും മെഡിക്കൽ ഓഫീസർ ഡോ: മിലിയുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെയും അശ്രാന്തപരിശ്രമമാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. കായകൽപ്പ , കാഷ് അക്രഡിറ്റേഷൻ തുടങ്ങി ഒട്ടേറെ ജില്ലാ , സംസ്ഥാന തല അംഗീകാരങ്ങൾ കരസ്ഥമാക്കിയ സ്ഥാപനമാണ് ഉടുമ്പൻചോല കുടുംബരോഗ്യ കേന്ദ്രം.
.