sveepsong

ഇടുക്കി:

തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി തയ്യാറാക്കിയ തീം സോങ് ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് പ്രകാശനം ചെയ്തു. ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളെയും തിരഞ്ഞെടുപ്പിൽ പങ്കാളികളാകാൻ പ്രചോദിപ്പിക്കുകയാണ് തീം സോങിലൂടെ ലക്ഷ്യമിടുന്നത്. വോട്ടർമാർക്ക് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കാനും തങ്ങളുടെ സമ്മതിദാന അവകാശം ഫലപ്രദമായി വിനിയോഗിക്കാനും തീം സോങ് പ്രചോദിപ്പിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത ഇടുക്കി സബ് കളക്ടർ ഡോ.അരുൺ എസ് നായർ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ സന്ദേശം, ഇടുക്കി ജില്ലയുടെ പ്രത്യേകതകൾ തുടങ്ങിയവ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ്ഭാഷാ വിഭാഗത്തിന് പ്രധാന്യം നൽകി തമിഴ് ഭാഷാവരികളും ഗാനത്തിൽ ചേർത്തിട്ടുണ്ട്. ലബ്ബക്കട ജെ.പി.എം കോളേജിലെ വിദ്യാർഥികൾ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് ഒരുക്കിയ മഷിപുരണ്ട വിരലിന്റെ ആകാശ ദൃശ്യവും ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കരണത്തെ മികച്ചതാക്കുന്നു.
പ്രശാന്ത് മങ്ങാട്ട് രചന നിർവ്വഹിച്ച ഗാനത്തിന് പൈനാവ് എം.ആർ.എസിലെ അദ്ധ്യാപകനായ ബാബു പാലന്തറയാണ് സംഗീതം നൽകിയത്. ബിജിത്ത് എം ബാലനാണ് ചിത്രസംയോജനം. ബാബു പാലന്തറ, ദീജ യു, ലിന്റാ അനു സാജൻ, മനീഷ് .എം.ആർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓർക്കസ്‌ട്രേഷൻ ലെനിൻ കുന്ദംകുളം . തിരഞ്ഞെടുപ്പ് ബോധവൽക്കരണവും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് സ്വീപിന്റെ ലക്ഷ്യം. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ്, സ്വീപ് ഇടുക്കിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എന്നിവയിലൂടെയാണ് പൊതുജനത്തിന് മുന്നിലേക്ക് ഗാനം എത്തുന്നത്.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ , എ ഡി എം ഇൻ ചാർജ്ജ് മനോജ്.കെ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഡോ. അരുൺ ജെ ഒ, സ്വീപ് നോഡൽ ഓഫീസർ ലിപു എസ് ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.