stone

മൂലമറ്റം: സംസ്ഥാന പാതയിലെ കലുങ്ക് അപകടാവസ്ഥയിലായിട്ടും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. എറണാകുളം- തേക്കടി സംസ്ഥാന പാതയിൽ അറക്കുളം അശോകകവലയ്ക്ക് സമീപം ജ്യോതിഭവന്റെ മുമ്പിലുള്ള കലുങ്കാണ് അടിയിലെ കല്ലുകൾ ഇളകി ഏതു സമയത്തും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിൽ ഇരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് മൂലമറ്റം പവ്വർഹൗസിന്റെ ആവശ്യത്തിന് വേണ്ടി പണിത ഈ കലുങ്ക് പിന്നീട് മെയിന്റനൻസ് പണികൾ ഒന്നും ചെയ്തിട്ടില്ല. ഇടുക്കി ഭാഗത്തേയ്ക്കും വാഗമൺ, മൂലമറ്റം, തൊടുപുഴ തുടങ്ങിയ പ്രദേശത്തേക്ക് പോകുന്ന ബസുകളും മറ്റ് വാഹനങ്ങളും ഈ കലുങ്ക് തകർന്നാൽ മണപ്പാടി, മൂന്നുങ്കവയൽ, കാഞ്ഞാർ കൂടി പോകേണ്ടി വരും. മൂലമറ്റം പവർ ഹൗസിലേക്ക് ആവശ്യം വന്നാലും ഈ വഴി പോകേണ്ടി വരും.

പതിറ്റാണ്ടുകൾക്ക് മുമ്പ് പവർ ഹൗസിന്റെയും ഇടുക്കി, കുളമാവ് ഡാമുകളുടെയും ആവശ്യത്തിന് വേണ്ടി നിർമ്മിച്ച അറക്കുളം പന്ത്രണ്ടാം മൈലിലെ കലുങ്കും ഇടുക്കി റോഡിലെ പല കലുങ്കുകളും കാലപഴക്കം കൊണ്ടും മലവെള്ളമൊഴുകിയും അടിഭാഗം തകർന്ന് ഇരിക്കുകയാണ്. അപകടം വന്നശേഷം പരിഹാരം കാണുക എന്ന പതിവ് രീതി മാറ്റി ഇവ കൃത്യസമയത്ത് നന്നാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.