പേമരം വളവിൽ അടുത്തിടെ 11 അപകടം
അടിമാലി: മാങ്കുളം പേമരം വളവിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയുമാണെന്ന് മോട്ടോർ വാഹന വകുപ്പ്. ക്രാഷ് ബാരിയറുകൾ റോഡിൽ സ്ഥാപിച്ചത് അശാസ്ത്രീയമായാണെന്നും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. എന്നാൽ റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 16 കിലോമീറ്റർ തുടർച്ചയായുള്ള ഇറക്കത്തിൽ അടുത്ത നാളുകളിലായി 11 തവണയാണ് പേമരം വളവിൽ മാത്രം അപകടമുണ്ടായത്. തമിഴ്‌നാട്ടിൽ നിന്ന് 14 പേരുമായി വന്ന ട്രാവലർ അപകടം തടയാൻ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറുകൾ തകർത്താണ് താഴ്ചയിലേക്ക് മറിഞ്ഞത്. റോഡിൽ അപായ സൂചനാ ബോർഡുകൾ ഉണ്ടായിരുന്നെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. അപകട വളവ് ഒഴിവാക്കാൻ പ്രദേശവാസി സ്ഥലം വിട്ട് നൽകാമെന്ന് അറിയിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ 100 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് ഒന്നര വയസുള്ള കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചത്. വാഹനം 100 അടി താഴെ ഒരു മരത്തിലും പാറക്കെട്ടിലും തങ്ങി നിന്നു. അല്ലെങ്കിൽ അപകടത്തിന്റെ വ്യാപ്തി ഇനിയും ഉയരുമായിരുന്നു.
മൃതദേഹങ്ങൾ
നാട്ടിലേക്ക് കൊണ്ടുപോയി
ചൊവ്വാഴ്ച അപകടത്തിൽ മരിച്ച നാല് പേരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ബന്ധുക്കൾക്ക് വിട്ടു നൽകി. പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന 10 പേരും അപകടനില തരണം ചെയ്തു വരികയാണ്. തേനി സ്വദേശി അഭിനാഷ് മൂർത്തിയുടെയും (30) ഒന്നര വയസുകാരനായ മകൻ തൻവിക്കിന്റെയും മൃതദേഹങ്ങൾ ബന്ധുക്കളെത്തി ഇന്നലെ രാവിലെ ഏറ്റുവാങ്ങി. തേനിയിൽ നിന്ന് അഭിനാഷ് മൂർത്തിയുടെ പിതാവ് സേതു വീരച്ചാമി, മാതാവ് സുകന്യ, സഹോദരൻ ജഗദീഷ് കണ്ണൻ എന്നിവർ ചേർന്നാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. ഭർത്താവും മകനും നഷ്ടപ്പെട്ട വാർത്ത അറിയാതെ കഴിഞ്ഞ ദിവസം രാത്രി തന്നെ ശരണ്യയെ ബന്ധുക്കളെത്തി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തേനിയിലേക്ക് കൊണ്ടുപോയിരുന്നു. അപകടത്തിൽ മരണമടഞ്ഞ സേതുവിന്റെ ബന്ധുക്കൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം സ്വദേശമായ ഈറോഡിലേക്കും ഗുണശേഖരന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തേനി ചിന്ന മന്നൂരിലേക്കും കൊണ്ടുപോയി.