പരമാവധി വോട്ടർമാരെ നേരിൽ കാണാൻ സ്ഥാനാർത്ഥികളുടെ ശ്രമം
തൊടുപുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദീർഘമായ കാലയളവുള്ളത് ആവേശത്തെ ബാധിക്കുമെന്ന ആശങ്കയിൽ റാലികളും റോഡ് ഷോയുമെല്ലാം കുറച്ച് മുന്നണികൾ. ഒരു മാസം സമയം ശേഷിക്കുന്നതിനാൽ നേരിട്ട് വോട്ടർമാരെ കണ്ട് സഹായം തേടുന്നതിനാണ് സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുന്നത്. വേനൽചൂടിനൊപ്പം തുടക്കത്തിൽ പ്രചരണം ചൂട് പിടിച്ചിരുന്നെങ്കിലും ഇപ്പോൾ അല്പം അയഞ്ഞ മട്ടാണ്. അവസാനം വരെ ആവേശം നിലനിറുത്തുകയെന്നത് ദുഷ്‌കരമാണ്. സമയം ധാരാളം ഉള്ളതിനാൽ പ്രചാരണ ചെലവും കൂടും. ഇപ്പോൾ സ്ഥാനാർത്ഥികൾ കലാലയങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിലും കുടുംബ സംഗമങ്ങളിലും കേന്ദ്രീകരിച്ച ഷെഡ്യൂളുകളാണ് തയ്യാറാക്കുന്നത്. ചെറിയ കൂട്ടായ്മകൾ, കൺവെൻഷനുകൾ എന്നിവ വഴിയും വോട്ടർമാരെ കാണുന്നുണ്ട്. പൊതു പരിപാടികൾ, ഉത്സവച്ചടങ്ങുകൾ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും സ്ഥാനാർത്ഥികൾ എത്തുന്നുണ്ട്. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയുള്ള കൊടുംചൂട് സ്ഥാനാർത്ഥികളുടെ പര്യടനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പരമാവധി പൊതുപരിപാടികൾ ഒഴിവാക്കി ഗൃഹസന്ദർശനങ്ങളിലും വ്യക്തികളുമായുള്ള മുഖാമുഖങ്ങളിലുമാണ് ഇപ്പോൾ സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുന്നത്.