ഇടുക്കി: വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും നല്കാൻ വോട്ടർ ഹെൽപ് ലൈൻ. സജ്ജമായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോർട്ടലിൽ നിന്നും തൽസമയ ഡാറ്റയാണ് ഈ ആപ്പ് വഴി ലഭിക്കുന്നത്. .വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ടർ ഹെൽപ് ലൈൻ ആപ്പ് വഴി സാധിക്കും. പട്ടികയിൽ പേര് തിരയുക, ,എഡിറ്റ് ചെയ്യുക ,ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യാനും പരാതികൾ നൽകാനും ഈ ആപ്പിലൂടെ സാധിക്കും . ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ വോട്ടർ ഹെൽപ് ലൈൻ ആപ് ഡൗൺലോഡ് ചെയ്ത ശേഷം ഫോണിൽവരുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് വ്യക്തിഗത വിവരങ്ങൾ, ഫോൺ, ഇ -മെയിൽ , ജനന തിയതി, വിലാസം, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റർ ചെയ്യാം.

സുവിധ പോർട്ടൽ

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്ക് പ്രചാരണ അനുമതി , നാമനിർദേശ പത്രികസമർപ്പണം , സത്യവാങ്മൂലം നൽകൽ എന്നിവയ്ക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോർട്ടൽ സേവനം പ്രയോജനപ്പെടുത്താം. suvidha.eci.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രചാരണ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് സുവിധ വഴി റിട്ടേർണിംഗ് ഓഫീസറിൽ നിന്ന് നിർബന്ധമായും അനുമതി വാങ്ങേണ്ടതുണ്ട് .വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാർട്ടികൾ എന്നിവർ യോഗം , റാലി തുടങ്ങിയവ നടത്തുന്നതിനു മുമ്പ് പോർട്ടൽ വഴി അനുമതി തേടണം . ഉച്ചഭാഷിണികളുടെ സഹായത്തോടെ മീറ്റിങ് നടത്തുന്നതിനും താൽക്കാലിക പാർട്ടി ഓഫീസുകൾ ആരംഭിക്കുന്നതിനും, വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്കുള്ള അനുമതിയും ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാകും.നാമനിർദേശ പത്രിക, മറ്റ് അനുമതിക്കായുള്ള അപേക്ഷ എന്നിവയുടെ സ്ഥിതിവിവരം പോർട്ടലിൽനിന്ന് അറിയാനാകും .

പോളിംഗ്

ഉദ്യോഗസ്ഥരുടെ നിയമനം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനത്തിനായി ജീവനക്കാരുടെ ഡാറ്റാഎൻട്രി രജിസ്‌ട്രേഷൻ എല്ലാ ഓഫീസ് മേധവികളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ബന്ധപ്പെട്ട ഓഫീസ് മേധാവികളാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നിർവഹിക്കേണ്ടത്. തുടർന്ന് പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭാ സെക്രട്ടറിമാർക്ക് ഓൺലൈൻ ആയി മാർച്ച് 23 ഉച്ചയ്ക്ക് 2 ന് മുൻപ് നൽകണം.