അടിമാലി: എൽ.ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് ഇന്നലെ ബൈസൺവാലി, അടിമാലി പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഗോത്ര വർഗ്ഗ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഊരുകൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം. ബൈസൺവാലിയിലെ ചൊക്രമുടി, കോമാളിക്കുടി എന്നിവിടങ്ങളിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് അടിമാലി ഗ്രാമപഞ്ചായത്തിലെ കൊരങ്ങാട്ടിക്കുടി, പ്ലാമല, കടകല്ല്കുടി എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് പേരാണ് സ്ഥാനാർത്ഥിയെ കാത്തുനിന്നത്. എംപിയായിരുന്ന ഘട്ടത്തിൽ പി.എം.ജി.എസ്.വൈ യിൽ ഉൾപ്പെടുത്തി കൊരങ്ങാട്ടിക്കുടിയിലേക്കുള്ള റോഡ് പൂർത്തീകരിച്ച് നൽകിയതിന് മൂപ്പൻ രാമസ്വാമി ജോയ്സ് ജോർജ്ജിനോട് നന്ദി പറഞ്ഞു. കുടികളിലെ വന്യമൃഗശല്യം, കുടിവെള്ള പ്രശ്നം, റോഡ് വികനസം തുടങ്ങിയ കാര്യങ്ങളിൽ ഇടപെടണമെന്ന് ഊരുമൂപ്പൻമാർ സ്ഥാനാർത്ഥിയോട് ആവശ്യപ്പെട്ടു. മുമ്പത്തെപ്പോലെ തന്നെ റോഡ് നിർമ്മാണത്തിന് പ്രത്യേക പരിഗണന നൽകുമെന്നും വന്യജീവി ആക്രമണം തടയാൻ പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ജനങ്ങളൊപ്പമുണ്ടായാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ജോയ്സ് ജോർജ്ജ് പറഞ്ഞു. കുടികളിലെ സന്ദർശനത്തിന് ശേഷം അടിമാലിയിൽ നടന്ന റോഡ് ഷോയിലും ജോയ്സ് ജോർജ്ജ് പങ്കെടുത്തു.
ഇന്ന് ഉടുമ്പൻചോലയിൽ
അഡ്വ. ജോയ്സ് ജോർജ്ജ് വെള്ളിയാഴ്ച ഉടുമ്പൻചോല മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 7.30 ന് പാറത്തോട്ടിൽ നിന്നാണ് തുടക്കം. തുടർന്ന് ഉടുമ്പൻചോല, ശാന്തൻപാറ, പൂപ്പാറ, സേനാപതി, രാജകുമാരി പര്യടനെ നടത്തി രാജാക്കാട് സമാപിക്കും.