തൊടുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന ബി.ഡി.ജെ.എസ് പ്രതിനിധിയായ എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പര്യടനം ഗംഭീര റോഡ് ഷോയോട് കൂടി തൊടുപുഴയിൽ ആരംഭിച്ചു. ഇന്നലെ വൈകിട്ട് തൊടുപുഴ- പാലാ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് എൻ.ഡി.എ പ്രവർത്തകർ അണിനിരന്നു. ടൗൺ ചുറ്റി വെങ്ങല്ലൂരിൽ സമാപിച്ച റോഡ്‌ഷോ പ്രവർത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് പേരാണ് സ്ഥാനാർത്ഥിയെ ഒരുനോക്ക് കാണാൻ റോഡിന് ഇരുവശവും കാത്ത് നിന്നത്. തുറന്ന ജീപ്പിൽ എല്ലാവരെയും അഭിവാദ്യം ചെയ്താണ് സ്ഥാനാർത്ഥി മുന്നോട്ട് നീങ്ങിയത്. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എസ്. അജി, ബി.ഡി.ജെ.എസ് ജില്ലാ അദ്ധ്യക്ഷൻ പ്രതീഷ് പ്രഭ, മറ്റ് എൻ.ഡി.എ നേതാക്കൾ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.