തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് മുതൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. ഓഫ് ലൈനിൽ കുടുംബസംഗമവും പൊതുയോഗങ്ങളുമായി സ്ഥാനാർത്ഥികൾ കത്തിക്കയറുമ്പോൾ ഓൺലൈനിൽ നടക്കുന്നത് ഒരു അർത്ഥത്തിൽ സൈബർ യുദ്ധമാണ്. ആനിമേഷൻ വീഡിയോ, ഓഡിയോ- വീഡിയോ ആൽബങ്ങൾ, ഷോർട്ട് ഫിലിം, വാട്‌സ് ആപ്പ് സ്റ്റാറ്റസ് വീഡിയോകൾ, ട്രോളുകൾ, എസ്.എം.എസ് സന്ദേശങ്ങൾ തുടങ്ങി സർവമാർഗങ്ങളും ഉപയോഗിച്ചാണ് പ്രചരണം. ഫീൽഡിലുള്ള പ്രചാരണത്തേക്കാൾ വീറും വാശിയും നിറഞ്ഞതാണ് സൈബർ രംഗത്തെ തിരഞ്ഞെടുപ്പ്. റീലുകളും ചുരുങ്ങിയ വാക്കുകളിൽ തന്നെ വോട്ടർമാരെ ഇരുത്തിചിന്തിപ്പിക്കും വിധം അർത്ഥങ്ങളുള്ള പോസ്റ്ററുകളും തഗ്ഗ് ഡയലോഗുകളുമെല്ലാം സാമൂഹ്യമാദ്ധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് നിറയുകയാണ്. ഡിജിറ്റൽ ട്രെന്റിലേക്ക് പ്രചാരണം മാറിയതോടെ യുവ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള വിഷയങ്ങളാണ് മുന്നണികൾ സൈബർ രംഗത്ത് അവതരിപ്പിക്കുന്നത്.

പ്രചാരണങ്ങളുടെയും റോഡ് ഷോകളുടെയും 30 സെക്കന്റ് ദൈർഘ്യമുള്ള ഹെലിക്യാം ഷോട്ടുകൾ ഉൾപ്പെടുത്തിയുള്ള റീലുകളാണ് ഇന്ന് ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും ട്രെൻഡിംഗ് ഐറ്റം. ഔദ്യോഗിക ഗ്രൂപ്പുകളിൽ വീഡിയോകളും പോസറ്ററുകളും ഇടുമ്പോൾ തന്നെ അത് താഴെതത്തട്ട് മുതൽ വിവിധയിടങ്ങളിലേക്ക് ഷെയർ ചെയ്യപ്പെടുകയാണ്.

എൻ.ഡി.എയും എൽ.ഡി.എഫും യു.ഡി.എഫും ഓൺലൈൻ പ്രചാരണത്തിൽ ഒന്നിനൊന്ന് മുന്നിലാണ്.

പിന്നിൽ പ്രൊഫഷൽ ടീം

പാർട്ടി പ്രവർത്തകർക്ക് പുറമേ പ്രൊഫഷണൽ ടീമുകളെയാണ് ഇത്തരത്തിൽ പോസറ്ററുകളും ട്രോളുകളും തയ്യാറാക്കാനായി മുന്നണികൾ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. പ്രചാരണത്തിലെ ഓരോ മുഹൂർത്തങ്ങളും ഒപ്പിയെടുക്കുന്നതിനായി സ്ഥാനാർത്ഥികൾക്കൊപ്പം ഈ ടീം സഞ്ചരിക്കും. ഹെലിക്യാം ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഉപയോഗിച്ചാണ് പ്രചാരണം ചിത്രീകരിക്കുന്നത്. ഓരോ അരമണിക്കൂർ വീതം പോസ്റ്ററുകളും റീലുകളും സ്ഥാനാർത്ഥിയുടെയും നേതാക്കളുടെയും പാർട്ടിയുടെയും വാളുകളിൽ നിറയും. പാർട്ടി പ്രവർത്തകർക്ക് ലൈക്കും കമന്റും ഷെയറും ചെയ്ത് പോസ്റ്റിന് റീച്ചുണ്ടാക്കിയാൽ മാത്രം മതി. പ്രചാരണത്തിന് ടെലഗ്രാം ബോട്ടുകളുടെ സേവനവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കുത്തിപ്പൊക്കും

പോരാളികൾ

യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സൈബർ പോരാളികൾ ആരോപണ, പ്രത്യാരോപണങ്ങളുമായി സജീവമാണ്. പോസ്റ്റുകൾ പരമാവധി ആളുകളിലെത്തിക്കുക, ഷെയറുകളുടെ എണ്ണം കൂട്ടുക എന്നിവയാണ് പ്രധാന അജണ്ട. രാഷ്ട്രീയ എതിരാളികൾക്ക് നേരെ ട്രോളുകൾ ഇറക്കുക, നേതാക്കളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വൈറലാക്കുക എന്നിവയാണ് പോരാളിമാരുടെ പ്രധാന ജോലി. പഴയകാല രാഷ്ട്രീയ നിലപാടുകൾ, സോഷ്യൽ മീഡിയാ പോസ്റ്റുകൾ തുടങ്ങിയവ കുത്തിപ്പൊക്കി എതിരാളിയെ നിലംപരിശാക്കാനുള്ള നീക്കവും ശക്തമാണ്. തങ്ങളുടെ സ്ഥാനാർത്ഥിക്കെതിരെ ആരോപണമുയർന്നാൽ മിനിറ്റുകൾക്കകം മറുപടി പോസ്റ്ററുകളും റീലുകളും ഇറക്കാൻ മുന്നണികൾ തമ്മിൽ മത്സരിക്കുകയാണ്.

വെട്ടിൽവീഴാതെ

നോക്കണം

ഡീപ്പ് ഫേക്കിന്റെ കാലമാണ്. സ്ഥാനാർത്ഥിയെ വെട്ടിലാക്കുന്ന വ്യാജ വീഡിയോകൾ വരെ പുറത്തിറങ്ങാൻ സാദ്ധ്യതയുണ്ട്. മുൻകരുതലോടെ വേണം ഔദ്യോഗിക സൈബറിടങ്ങൾ കൈകാര്യം ചെയ്യാൻ. അനുകൂലമെന്ന വ്യാജേന തുടങ്ങുന്ന ഗ്രൂപ്പുകൾ പെട്ടെന്ന് ഒരുദിവസം സ്ഥാനാർത്ഥിയുടെ പോരായ്മകൾ തുറന്നുകാട്ടുന്ന തരം പ്രചരണത്തിലേക്ക് കടക്കാനും സാദ്ധ്യതയുണ്ട്.