തൊടുപുഴ: ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത് ബി.ഡി.ജെ.എസിന്റെ കരുത്തുറ്റ വനിതാ നേതാവ് സംഗീത വിശ്വനാഥനാണ്. വ്യാഴാഴ്ച വൈകിട്ട് തൊടുപുഴയിൽ നടന്ന റോഡ് ഷോയുലൂടെയാണ് സംഗീത തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തൃശ്ശൂർക്കാരിയാണെങ്കിലും ഇടുക്കി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച പരിചയസമ്പത്തുമായാണ് സംഗീത പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. എന്തൊക്കെയാണ് ഇടുക്കിയ്ക്കായി ചെയ്യുക,​ വിജയപ്രതീക്ഷ എത്രമാത്രം, എങ്ങനെയാണ് പ്രചരണ രീതി, ഏതൊക്കെ വിഷയങ്ങളാണ് ഉയർത്തുക​ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംഗീത സംസാരിക്കുന്നു.

# രണ്ട് പ്രബലരായ മുന്നണികൾക്കെതിരെയാണ് മത്സരിക്കുന്നത്. എത്രമാത്രമാണ് വിജയപ്രതീക്ഷ?

നൂറു ശതമാനം വിജയപ്രതീക്ഷയോടെയാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയവും വികസനവും ഇന്ന് ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സുസ്ഥിരമായ ഭരണവും വികസനവും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. മണ്ഡലത്തിന്റെ പ്രശ്നം കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരെ പാർലമെന്റിലേക്ക് അയക്കാനാണ് ജനങ്ങൾ താത്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ എൻ.ഡി.എയ്ക്ക് സാഹചര്യങ്ങൾ വളരെ അനുകൂലമാണ്.

# നിരവധി പ്രശ്നങ്ങൾ ഇടുക്കി മണ്ഡലത്തിലുണ്ട്. അതിൽ ഏത് പ്രശ്നമുയർത്തിയാണ് എൻ.ഡി.എയുടെ പ്രചരണം?​

ഇടുക്കിയിലെ എല്ലാ ജനകീയ പ്രശ്നങ്ങളും ഉയർത്തിയാണ് എൻ.ഡി.എയുടെ പ്രചാരണം. പ്രത്യേകിച്ച് ഭൂപ്രശ്നത്തിന് പരിഹാരം കാണുകയെന്നതും വികസനമെത്തുകയെന്നതും ജനങ്ങളുടെ ആവശ്യമാണ്. നാളുകളിത്രയായിട്ടും ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പൂർണ്ണ സജ്ജമാക്കാൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് സാധിക്കുന്നില്ല. ഇതുപോലെ സർവ്വമേഖലയിലും പ്രശ്നങ്ങളുണ്ട്. എം.പിയെന്ന നിലയിൽ അവസരം ലഭിച്ചാൽ കേന്ദ്രസർക്കാർ സഹായത്തോടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കും.

# തൃശ്ശൂരാണല്ലോ സ്വദേശം. ഇടുക്കിയെ എത്രത്തോളം അറിയാം?​

എനിക്ക് 2010 മുതൽ ഇടുക്കിയിൽ പ്രവർത്തിച്ച് പരിചയമുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തകയായിരിക്കുമ്പോൾ ഇടുക്കിയുടെ ചുമതലയുണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ തന്നെ ഇടുക്കിയുടെ എല്ലാ പ്രദേശങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മത്സരിച്ചത്. അന്ന് ഒരുപാട് ആളുകളുമായി ഇടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസിലാക്കാനും സാധിച്ചു.

# വലിയ ലോക്സഭാ മണ്ഡലമാണ് ഇടുക്കി. ചൂടുകാലവുമാണ്. എങ്ങനെയാണ് പ്രചരണ പരിപാടികൾ?​

തീർച്ചയായും വലിയ മണ്ഡലമാണ് ഇടുക്കി. അതുകൊണ്ട് തന്നെ ഓരോ വോട്ടർമാരെയും നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുക പ്രായോഗികമല്ല. ചൂടേറിയ കാലമാണെങ്കിലും കൺവെൻഷനുകളിലൂടെയും പാർട്ടി പരിപാടികളിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുമെല്ലാം ചൂടേറിയ പ്രചരണം തന്നെയുണ്ടാകും.

# ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മിലുള്ള ഐക്യം ശക്തമാണോ?​

എൻ.ഡി.എയ്ക്കുള്ളിലെ പാർട്ടികൾ തമ്മിൽ പ്രത്യേക ഇഴയടുപ്പമുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കേന്ദ്രനേതൃത്വത്തിൽ നിന്നും സംസ്ഥാന നേൃത്വത്തിൽ നിന്നും പ്രചാരണം സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇത് താഴെതട്ടിലുള്ള പ്രവർത്തകർക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട്.

# വിജയിച്ചാൽ ഏത് കാര്യത്തിനാകും മുഖ്യപരിഗണന?​

മെച്ചപ്പെട്ട ചികിത്സാ സൗകര്യമില്ലാത്തതാണ് ഇടുക്കിയുടെ പ്രധാന പ്രശ്നമായി ഞാൻ കാണുന്നത്. അതിനാൽ തന്നെ ആരോഗ്യമേഖലയ്ക്കാകും ഞാൻ പ്രഥമ പരിഗണന നൽകുക. മറ്റൊന്ന് രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുകയെന്നതാണ്. അതിന് പ്ലാൻ ചെയ്ത് ഒരു പദ്ധതി തയ്യാറാക്കും.

# സ്ഥാനത്ത് മത്സരിക്കുന്ന അപൂർവം വനിതാ സ്ഥാനാർത്ഥികളിലൊരാളാണ്. ഒരു സ്ത്രീയെന്ന നിലയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.?

നാരീശക്തിയാണല്ലോ എൻ.ഡി.എ മുന്നോട്ടുവയ്ക്കുന്ന ആശയം.

സ്ത്രീകൾക്ക് ഇപ്പോൾ ഒരുപാട് അവസരങ്ങളുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ 33 ശതമാനം സ്ത്രീസംവരണമെന്ന പ്രഖ്യാപനം വനിതകൾക്ക് കൂടുതൽ അവസരം നൽകുന്നതാണ്. അവസരങ്ങൾ നൽകിയാൽ സ്ത്രീ തീർച്ചയായും ഉയർന്നു വരും. സ്ത്രീ ഉയർന്നാൽ സമൂഹത്തിൽ മാറ്റമുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.