തൊടുപുഴ: ബി .ജെ. പിയുടെ റിക്രൂട്ടിംഗ് ഏജൻസിയാണ് സി. പി .എം എന്ന് എസ് രാജേന്ദ്രനും കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച തെളിയിച്ചതായി കെ .പി .സി .സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലെ മുഖ്യ ആകർഷണ കേന്ദ്രമായിരുന്നു എസ് രാജേന്ദ്രൻ. കഴിഞ്ഞ രണ്ട് വർഷ കാലത്തിനിടെ സി പി എമ്മിൽ നിന്നും അകന്നു നിന്നിരുന്ന രാജേന്ദ്രൻ സി പി എമ്മിന്റെ അംഗത്വം പുതുക്കുകയില്ല എന്ന പ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അപ്രതീക്ഷിതമായി പങ്കെടുത്തത്.അണിയറയിൽ അരങ്ങേറുന്ന വോട്ട് കച്ചവടത്തിലേക്കാണ് എസ് രാജേന്ദ്രന്റെ ഡൽഹി യാത്ര വിരൽ ചൂണ്ടുന്നത്. സി പി എം വോട്ടർമാരെ ബി ജെ പിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതിന് പരോക്ഷമായി പ്രേരിപ്പിക്കുകയാണ് നിഗൂഢലക്ഷ്യം.കോൺഗ്രസുമായി ബന്ധപ്പെട്ടവരെ ബി .ജെ .പി വിലക്കെടുത്താൽ അതിനെ പർവ്വതീകരിക്കുന്ന സി പി എം നേതാക്കൾ രാജേന്ദ്രന്റെ ഡൽഹി യാത്രയെ പറ്റി മൗനം പാലിക്കുന്നത് ബി ജെ പിയും സി പി എമ്മും തമ്മിലുള്ള അന്തർധാരയിലേക്കാണ് വിരൽ ചൂണ്ടുന്നത്.