ചെറുതോണി: പന്ത്രണ്ടുകാരിയ്ക്കെതിരായി നടന്ന ലൈംഗികാതിക്രമ കേസിൽ ബന്ധുവിന് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ് കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവായ മേലുകാവ് സ്വദേശിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം. 2022ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീടിനോട് ചേർന്നുള്ള മുറിയിൽ പ്രതി കുടുംബമായി താമസിച്ച് വരികയായിരുന്നു. ഇതിനിടെ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ടി.വി കണ്ടുകൊണ്ടിരുന്ന കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 12 സാക്ഷികളെയും പതിമൂന്ന് പ്രമാണങ്ങളും പ്രോസീക്യൂഷൻ കോടതി മുമ്പാകെ ഹാജരാക്കി. അതിജീവിതയുടെ പുനരധിവാസത്തിനായി 10,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയോടും കോടതി നിർദ്ദേശിച്ചു. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം നടത്തി കുറ്റപത്രം നൽകിയ കേസിൽ സി. ഐ സിബി എൻ. തങ്കപ്പനാണ് അന്വേക്ഷണം നടത്തിയത്. സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.