ഇടുക്കി: പ്രചാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി യു.ഡി.എഫ്. ഇന്നലെ ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ തിരക്കിട്ട പരിപാടികളിൽ സജീവമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. രാവിലെ ചക്കിക്കാവ് ഭാഗത്ത് ആരാധനാലയങ്ങൾ, മഠങ്ങൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച ശേഷം കൂവപ്പിള്ളി, അടൂർമല, കോളപ്ര, കുടയത്തൂർ എന്നീ ഭാഗങ്ങളിൽ കൂടി യു.ഡി.എഫ് സ്ഥാനാർത്ഥി പ്രചരണം നടത്തി. കുടയത്തൂർ, കാഞ്ഞാർ എന്നിവിടങ്ങളിൽ പ്രമുഖ വ്യക്തികൾ എന്നിവരെയും ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. തുടർന്ന് അറക്കളം സെന്റ് ജോസഫസ് കോളജ് മഠം, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗൺ, ജ്യോതി ഭവൻ, ബിഷപ്പ് വയലിൽ മെഡിക്കൽ സെന്റർ, മൂലമറ്റം എന്നിവിടങ്ങളിലായിരുന്നു ഡീനിന്റെ പര്യടനം. ഉച്ചയ്ക്ക് ശേഷം ചെറുതോണി, പള്ളിക്കവല, കരിമ്പൻ എന്നിവിടങ്ങളിൽ ഡീൻ പ്രചരണം നടത്തി. ചേലചുവട്, ചുരുളി പ്രദേശത്തും ഡീൻ കുര്യാക്കോസ് പ്രചരണത്തിനെത്തി. വൈകിട്ട് വെള്ളത്തൂവൽ പഞ്ചായത്തിൽ ഡീൻ നയിച്ച റോഡ് ഷോയും സംഘടിപ്പിച്ചു. ഇന്ന് കോതമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തും.