ഇടുക്കി: ഡീൻ കുര്യാക്കോസ് എം.പി ഫണ്ട് വിനിയോഗിക്കാതെ 4.44 കോടി രൂപ പാഴാക്കിയെന്ന് ഒരു മാസത്തോളമായി എൽ.ഡി.എഫ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയടക്കം പ്രചരിപ്പിക്കുന്നുണ്ട്. ഇന്നലെ ഇതിന് കണക്ക് സഹിതം മറുപടിയുമായി ഡീൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. 2019 മുതൽ 2024 വരെ ആകെ 9.8 കോടി രൂപയാണ് അനുവദിച്ചത്. ജില്ലാ നിർവ്വഹണ ഉദ്യോഗസ്ഥയായ കളക്ടറുടെ എം.പി.എൽ.എഡി.എസ് അക്കൗണ്ടിലെ
പണത്തിന്റെ പലിശയായി 51.38 ലക്ഷം രൂപയുണ്ട്. മുൻ എം.പി ജോയിസ് ജോർജിന്റെ കാലയളവിൽ ചെലവഴിക്കാത്ത തുക എം.പിഎൽ.എ.ഡിഎസ് അക്കൗണ്ടിലേക്ക് വന്നത് 1.91 കോടി രൂപയുണ്ട്. ഇങ്ങനെ ആകെ ലഭ്യമായ തുക 19.23 കോടി രൂപയാണ്. നിർവ്വഹണച്ചെലവിനായി കേന്ദ്ര സർക്കാർ നീക്കി വച്ചിരിക്കുന്നത് 14 ലക്ഷം രൂപയാണ്. ഇതോടൊപ്പം മുൻ എം.പിയുടെ കാലയളവിൽ ഭരണാനുമതി നൽകിയ പ്രവർത്തികളുടെ ബിൽ മാറി നൽകിയപ്പോൾ ബാക്കിവന്ന തുകയായ 95.49 ലക്ഷം ഉൾപ്പെടെ 20.4 കോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. അതായത് മുഴുവൻ തുകയ്ക്കും ഭരണാനുമതി നൽകിക്കഴിഞ്ഞു. ഭരണാനുമതി ലഭിച്ച മുഴുവൻ പ്രവർത്തികളും നടന്നുകൊണ്ടിരിക്കുന്നതും അവയുടെ പൂർത്തീകരണ സമയത്ത് നടപടിക്രമങ്ങൾ പാലിച്ച് നിർവ്വഹണ ഉദ്യോഗസ്ഥർ ബിൽ മാറി തുക നൽകേണ്ടതുമാണ്. രണ്ട് വർഷത്തോളം കൊവിഡ് മൂലം എം.പി.എൽ.എ.ഡിഎസിന്റെ പ്രവർത്തനങ്ങൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. 2022- 23 ലെ ഫണ്ടും 2023- 24 ലെ ഫണ്ടും 2023 പകുതിയോടെയാണ് അനുവദിച്ച് വന്നത്.
ഇതിനിടയിലും ജില്ലാ പ്ലാനിംഗ് ഓഫീസ്, വിവിധ ബ്ലോക്കുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സഹകരിച്ച് പ്രവർത്തിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ തലങ്ങളിലെ എൻജിനിയറിംഗ് വിഭാഗമാണ് എം.പി.എൽ.എ.ഡി.എസിന്റെ സാങ്കേതിക ജോലികൾ നിർവ്വഹിക്കുന്നത്. ത്രിതലപഞ്ചായത്ത് പദ്ധതികളുമായി ബന്ധപ്പെട്ട സാങ്കേതിക ജോലികളും നിർവ്വഹിക്കേണ്ടത് അവരാണ്. അവരുടെ ജോലിത്തിരക്ക് നിർവ്വഹണ കാലഘട്ടത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. സമയാസമയങ്ങളിൽ റിവ്യൂ മീറ്റിംഗുകൾ നടത്തിയും ഇടപെടലുകൾ നടത്തിയും എല്ലാവരെയും ഏകോപിപ്പിച്ച് മുമ്പോട്ടു കൊണ്ടുപോകുകയും ചെയ്തു. പൂർത്തീകരിച്ച പ്രവർത്തികളുടെ ബില്ലുകൾ ഈ മാസവും മാറി നൽകുമെന്നാണ് കളക്ട്രേറ്റിലെ ഫിനാൻസ് വിഭാഗത്തിൽ നിന്ന് അറിയുന്നത്. മുൻ എം.പിയുടെ ഫണ്ട് ചെലവഴിച്ച് തീർന്നത് 2022ലാണ്. 2023 ഡിസംബർ 12നാണ് ഈ ചെലവഴിക്കാത്ത തുക മുൻ അംഗത്തിന്റെ എം.പി.എൽ.എ.ഡിഎസ് അക്കൗണ്ടിൽ എത്തിയത്. പദ്ധതി നിർവ്വഹണത്തിനായി വരുന്ന സാങ്കേതികമായ ബുദ്ധിമുട്ടുകളും തടസ്സങ്ങളും മൂലം നിർവ്വഹണത്തിന് രണ്ട് വർഷം വരെ കാലാവധിയും സർക്കാർ നൽകാറുണ്ട്. ഒരു തുകയും ലാപ്‌സായി പോവുകയില്ല. തുക നഷ്ടപ്പെടുത്തിയെന്ന നിലയിൽ നടക്കുന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും ഡീൻ പറഞ്ഞു.