aamadmi

തൊടുപുഴ: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ടൗണിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു എട്ടുതൊട്ടിയിൽ ഉദ്ഘാടനം ചെയ്ത പ്രതിഷേധ റാലി തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ചു ടൗൺചുറ്റി ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബേസിൽ ജോൺ സംസാരിച്ചു. രണ്ട് സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ ആരാധ്യ നേതാവിനെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ അറസ്റ്റ് ചെയ്തത് ബി.ജെ.പി കെജരിവാളിനെ ഭയപ്പെടുന്നത് കൊണ്ടാണെന്ന് ബേസിൽ പറഞ്ഞു. ബി.ജെ.പിയുടെ കരി നിയമങ്ങളും അഴിമതിയും സുപ്രീംകോടതി ചോദ്യം ചെയ്തതിനെ തുടർന്ന് അവർക്കെതിരെയുണ്ടായ ജന രോഷത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനും വേണ്ടിയിട്ടാണ് ഈ അറസ്റ്റെന്നും ബേസിൽ പറഞ്ഞു. പ്രതിഷേധ സമരത്തിനു തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് റോയി പ്ലാത്തോട്ടത്തിൽ നേതൃത്വം നൽകി. സംസ്ഥാന ജില്ലാ നിയോജകമണ്ഡലം ഭാരവാഹികളായ സജി കെ. പൗലോസ്, സച്ചിൻ ജോർജ്, വത്സമ്മ ജോസഫ്, മായാ ബാബു, ഔസേപ്പച്ചൻ പഴയടം, അഭിലാഷ് ബഷീർ, ജാസിൽ കെ. ഫിലിപ്പ്, റോബിൻസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.