തൊടുപുഴ: താങ്ങാനാവാത്ത പലിശനിരക്കിനൊപ്പം പിഴപ്പലിശയും കൂട്ടുപലിശയും അടിച്ചേല്പിച്ച് സാധാരണക്കാരെ വായ്പാകുരുക്കിൽപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ജപ്തി ലേല നടപടികൾ ഉപേക്ഷിക്കണമെന്ന് ജപ്തി വിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് സി.ആർ. കുഞ്ഞപ്പൻ ആവശ്യപ്പെട്ടു. തൊടുപുഴ ടൗൺ സർവ്വീസ് സഹകരണ ബാങ്കിനു മുന്നിൽ ജപ്തി വിരുദ്ധസമിതി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്തുകൊണ്ടും ഒറ്റപ്പെടുത്തി, പരസ്യമായി അവഹേളിച്ചും നടത്തുന്ന റിക്കവറി നടപടികളെ ചെറുക്കുമെന്ന് ധർണയിൽ മുഖ്യപ്രസംഗം നടത്തിയ സമിതി ജില്ലാ ചെയർമാൻ അപ്പച്ചൻ ഇരുവേലിൽ മുന്നറിയിപ്പ് നൽകി. ജപ്തി വിരുദ്ധ സമിതി ജില്ലാ രക്ഷാധികാരി എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായ ധർണയിൽ എൻ.കെ. ദിവാകരൻ, ജയിംസ് കോലാനി, കെ.കെ. തോമസ്, കെ.സി. ജോയി, റുഖിയ, സൽമ നാസർ തുടങ്ങിയവർ സംസാരിച്ചു.