joice
പീരുമേട് തേയില ഫാക്ടറി ജീവനക്കാരോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്ജ് വോട്ട് അഭ്യർത്ഥിക്കുന്നു

പീരുമേട്: തേക്കടിയുടെ ടൂറിസം പ്രൗഢിയും തനിമയും തിരിച്ചുകൊണ്ടുവരുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്ജ് പറഞ്ഞു. പീരുമേട് മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. വിദേശികളും സ്വദേശിയരുമായ ലക്ഷക്കണക്കിന് വിനോദ് സഞ്ചാരികൾ നേരത്തെ തേക്കടിയിൽ എത്തുമായിരുന്നു. അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് സഞ്ചാരികളിൽ കുറവുണ്ടാക്കിയത്. തേക്കടിയുടെ സ്വാഭിവകത നിലനിർത്തിക്കൊണ്ട് തന്നെ ധാരാളം സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പ്രത്യേക പദ്ധതി തയ്യാറാക്കും. തേക്കടിയും വാഗമണ്ണും പീരമേടും പരുന്തുംപാറയും പാഞ്ചാലിമേടും അമ്മച്ചിക്കൊട്ടാരവും കുട്ടിക്കാനവും പള്ളിക്കുന്ന് സെമിട്രി ടൂറിസവും ഏലപ്പാറ വ്യൂ പോയിന്റും എല്ലാമുൾപ്പെടുത്തി സമഗ്രമായ ടൂറിസം പദ്ധതിക്ക് രൂപം നൽകും. വാഗമണ്ണിൽ സ്വദേശി ദർശൻ ടൂറിസം പദ്ധതിയിൽ 100 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതുപോലെ കൂടുതൽ ടൂറിസം ഫണ്ടുകൾ ലഭ്യമാക്കുമെന്നും ജോയ്‌സ് പറഞ്ഞു. ഇന്നലെ കുട്ടിക്കാനം,​ ഉപ്പുതറ, ചപ്പാത്ത്, 35ാം മൈൽ, പെരുവന്താനം, ഏന്തയാർ, കൊക്കയാർ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. രാത്രി എട്ടിന് വണ്ടിപ്പെരിയാറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന നൈറ്റ് മാർച്ചിലും പങ്കെടുത്തു. ഇന്ന് ദേവികുളം മണ്ഡലത്തിൽ പര്യടനം നടത്തും.