ഇടുക്കി: അന്തിമ വോട്ടർ പട്ടികയിൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 12,36,759.
ജില്ലയിലെ 882600 വോട്ടർമാരും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലത്തിലെ 354,159 വോട്ടർമാരുമുൾപ്പെടെയാണിത്. ഇതിൽ 608,710 പുരുഷ വോട്ടർമാരും 628,040 സ്ത്രീ വോട്ടർമാരും ഒമ്പതു ഭിന്നലിംഗക്കാരും ഉൾപ്പെടുന്നുണ്ട്. ദേവികുളം, തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിൽ ഒന്നു വീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ മൂന്ന് വീതവുമാണ് ഭിന്നലിംഗക്കാരുള്ളത്. 85 വയസിന് മുകളിൽ പ്രായമുള്ള 12855 പേരും 18നും 19നും ഇടയിൽ പ്രായമുള്ള 9405 വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്. ദേവികുളം മണ്ഡലത്തിൽ 560 പുരുഷന്മാരും 827 സ്ത്രീകളും അടക്കം 1387, ഉടുമ്പഞ്ചോലയിൽ 501 പുരുഷന്മാരും 919 സ്ത്രീകളും അടക്കം 1420, തൊടുപുഴയിൽ 1018 പുരുഷന്മാരും 1649 സ്ത്രീകളും അടക്കം 2667, ഇടുക്കിയിൽ 669 പുരുഷന്മാരും 1066 സ്ത്രീകളും അടക്കം 1735, പീരുമേട്ടിൽ 365 പുരുഷന്മാരും 645 സ്ത്രീകളും അടക്കം 1010, മൂവാറ്റുപുഴയിൽ 946 പുരുഷന്മാരും 1590 സ്ത്രീകളും അടക്കം 2536 വോട്ടർമാർ, കോതമംഗലത്ത് 804 പുരുഷന്മാരും 1296 സ്ത്രീകളും അടക്കം 2100 വോട്ടർമാർ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. 5691 പുരുഷന്മാരും 4301 സ്ത്രീകളുമുൾപ്പെടെ 9992 ഭിന്നശേഷിക്കാരായ വോട്ടർമാരാണുള്ളത്. ഏഴു മണ്ഡലങ്ങളിലായി 1011 സർവീസ് വോട്ടർമാരാണുള്ളത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 76.26 ആയിരുന്നു ഇടുക്കി മണ്ഡലത്തിലെ പോളിങ് ശതമാനം.
 2019- ആകെ വോട്ടർമാർ- 11,76,099
 2014- ആകെ വോട്ടർമാർ- 11,57,419
10 ലക്ഷം രൂപയ്ക്ക് മുകളിൽ നിരീക്ഷിക്കും
തിരഞ്ഞെടുപ്പ് കാലത്ത് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സംശയകരമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാതല ബാങ്കേഴ്‌സ് സമിതിയിൽ ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ അക്കൗണ്ടിൽ ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകളും നിരീക്ഷിക്കും. സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്ന സ്ഥാനാർഥിയുടെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലും ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾ നിരീക്ഷിക്കും. എ.ടി.എം കൗണ്ടറുകളുടെ പ്രവർത്തനം സംബന്ധിച്ച് എല്ലാ ബാങ്കുകളും ആവശ്യമായ രേഖകൾ സൂക്ഷിക്കണമെന്നും കളക്ടർ അറിയിച്ചു.
4800 ഉദ്യോഗസ്ഥർ
4800 പോളിങ് ഉദ്യോഗസ്ഥരാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രവർത്തിക്കുക. ഏഴു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരാണുള്ളത്. 115 ബസുകളും 53 മിനി ബസുകളും 420 ലൈറ്റ് മോട്ടോർ വാഹനങ്ങളും ഉപയോഗിക്കും. 869 ബൂത്തുകളിലാണ് റാമ്പുകൾ സജ്ജമായിട്ടുള്ളത്. 1315 പോളിങ് സ്റ്റേഷനുകളാണുള്ളത്. ദേവികുളം മണ്ഡലത്തിൽ 195, ഉടുമ്പൻചോലയിൽ 193, തൊടുപുഴ 216, ഇടുക്കി 196, പീരുമേട് 203, മൂവാറ്റുപുഴ 153, കോതമംഗലം 159 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ഏഴു മണ്ഡലങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങൾ. ദേവികുളം മണ്ഡലത്തിൽ മൂന്നാർ സർക്കാർ വി.എച്ച്.എസ്.എസ്, ഉടുമ്പൻചോലയിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ, തൊടുപുഴയിൽ ന്യൂമാൻ കോളേജ്, ഇടുക്കിയിൽ പൈനാവ് എം.ആർ.എസ്, പീരുമേട്ടിൽ ഇ.എം.എച്ച്.എസ്.എസ്, മൂവാറ്റുപുഴയിൽ നിർമല എച്ച്.എസ്.എസ്, കോതമംഗലത്ത് എം.എ കോളേജിന്റെ ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് സ്വീകരണ വിതരണ കേന്ദ്രങ്ങൾ. പൈനാവ് ഇ.എം.ആർ.എസാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം.