mohanan
രാജാക്കാട് ഓണംപാറയിൽ മോഹനൻ ഓശാന തിരുനാളിനുള്ള കുരത്തോല രാജാക്കാട് പള്ളി വികാരി ഫാ.ജോബി വാഴയിലിന് കൈമാറുന്നു

രാജാക്കാട്: തുടർച്ചയായ ഏഴാം വർഷത്തിലും ഓണംപാറയിൽ മോഹനൻ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സ്വന്തം പുരയിടത്തിലെ കുരത്തോല മുറിച്ചു നൽകി. മോഹനൻ തന്റെ പുരയിടത്തിലുളള 23 തെങ്ങിന്റെ കുരത്തോലകളാണ് പള്ളിക്ക് നൽകിയത്. ടൗണിൽ മുനീന്ദ്ര ബാർബർ ഷോപ്പ് എന്ന സ്ഥാപനം നടത്തുന്ന മോഹനൻ കുറെക്കാലമായി അടുത്തുള്ള പള്ളികളായ രാജാക്കാട്, ജോസ്ഗിരി പള്ളികളിൽ കുരത്തോലകൾ നൽകാറുണ്ട്. 1050 കുടുംബക്കാരുള്ള രാജാക്കാട് ഇടവകയിൽ മാത്രം ഓശാന തിരുനാളിന് നൽകാൻ 5000ത്തിലധികം കുരത്തോലകൾ ആവശ്യമുണ്ട്. ടൗൺ പള്ളിയായതിനാൽ സമീപ ഇടവകകളിൽ നിന്നും ഓശാന ഞായറാഴ്ച കൂടുതൽ വിശ്വാസികൾ എത്താറുണ്ട്. ഏലം കൃഷിയുടെ കടന്നുവരവിനെ തുടർന്ന് ഇടവക ഉൾപ്പെടുന്ന മേഖലയിൽ തെങ്ങ് കൃഷി കുറവായതിനാൽ കുരത്തോലക്ക് ക്ഷാമമുണ്ടെന്ന് അറിയാവുന്ന മോഹനൻ ഈ വർഷവും കുരത്തോല തരാൻ തയ്യാറാണെന്ന് പള്ളിയിൽ മുൻകൂട്ടി അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ തന്നെ ഓല വെട്ടിച്ച് പള്ളിയിലെത്തി കൈമാറി. തന്റെ വൈദീക ജീവിതത്തിൽ ഏറെ സന്തോഷം നൽകുന്ന അനുഭവമാണ് ഇതെന്നും ഇടവക കുടുംബത്തിന്റെ എല്ലാ നന്ദിയും അറിയിക്കുന്നെന്നും വികാരി ഫാ. ജോബി വാഴയിൽ പറഞ്ഞു. തന്റെ പുരയിടത്തിൽ ആവശ്യത്തിന് കുരത്തോലകൾ ഉള്ളതുകൊണ്ടാണ് നൽകുന്നതെന്നും അതുകൊണ്ടുള്ള ദൈവാനുഗ്രഹം തനിക്കുണ്ടെന്നും മോഹനൻ പറയുന്നു. പള്ളിയിലെത്തിച്ച കുരുത്തോലകൾ വികാരി ഫാ. ജോബി വാഴയിൽ, സഹ വികാരിമാരായ ഫാ. ജോയൽ വള്ളിക്കാട്ട്, ഫാ. ജെയിൻ കണിയോടിക്കൽ, കൈക്കാരനായ ജോയി തമ്പുഴ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.