kattana
കഴിഞ്ഞ ദിവസം രാത്രിയിൽ സിങ്കുകണ്ടത്തെ റോഡിലൂടെ നടന്ന് പോകുന്ന കാട്ടാന(വീഡിയോ ദൃശ്യം)

രാജാക്കാട്: ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ വിളയാട്ടം. ചക്കക്കൊമ്പൻ എന്ന ഒറ്റയാനാണ് വെള്ളിയാഴ്ച രാത്രിയിൽ ജനവാസ മേഖലയിലിറങ്ങി നാശം വിതച്ചത്. രാത്രി 10 മണിയോടുകൂടി കാടിറങ്ങിയ കാട്ടാന നേരം വെളുത്ത ശേഷമാണ് കാടുകയറിയത്. പ്രദേശത്തെ ഏക്കർ കണക്കിന് ഏലം കൃഷിയാണ് ആന നശിപ്പിച്ചത്. ഇതോടെ അരിക്കൊമ്പനെ നാടുകടത്തിയ ശേഷം കുറച്ചുനാൾ ശാന്തമായിരുന്ന മേഖല വീണ്ടും കാട്ടാന പേടിയിൽ അമർന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി ഇതിനടുത്ത പ്രദേശമായ ബിഎൽ റാം മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ച് നാശം വിതച്ചിരുന്നു. അരിക്കൊമ്പന്റെ മുഖ്യഎതിരാളി കൂടിയായിരുന്ന ചക്കക്കൊമ്പൻ കുറച്ചു നാളുകളായി ചിന്നക്കനാൽ, 301 കോളനി, സിങ്കുകണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ നാശം വിതച്ച് വരികയാണ്. മൂന്നാറിൽ പടയപ്പയെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയത് പോലെ ചിന്നക്കനാൽ മേഖലയിലും നീരീക്ഷണം നടത്തുന്നതിന് വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.