തൊടുപുഴ: കൊടിയ വേനൽ ചൂടിൽ ജില്ലയിൽ കരിഞ്ഞുണങ്ങിയത് 429.8 ഹെക്ടറിലെ കൃഷി. ജില്ലയുടെ വിവിധ കൃഷി ഭവനുകളിൽ നിന്നുള്ള പ്രാഥമിക റിപോർട്ട് പ്രകാരമാണിത്. 244 കൃഷിക്കാരുടെ കൃഷി വേനലിൽ നശിച്ചു. ഇതിൽ ഏറ്റവും കൂടുതൽ നശിച്ചത് വാഴ കൃഷിയാണ്. ജാതി, കുരുമുളക്, കമുകിൻ തൈ, കുരുമുളക് തുടങ്ങിയ കൃഷികളാണ് നശിച്ചത്. വേനൽ നീണ്ടു നിൽക്കാനിടയായാൽ വിളകൾ ഇനിയും കരിഞ്ഞുണങ്ങാൻ സാദ്ധ്യതയുണ്ട്. കാർഷിക മേഖലയിൽ ചൂടിന്റെ ആധിക്യം കൂടിയാൽ തൊഴിലാളികളെ കിട്ടാനില്ലെന്ന പ്രതിസന്ധിയും ഉടലെടുക്കും. ഏലത്തോട്ടങ്ങളിൽ ഉൾപ്പെടെ വിളകളെ വരൾച്ച ബാധിച്ചുതുടങ്ങി. കൂടാതെ വേനൽ മൂലം ജലസ്രോതസുകളും നീരൊഴുക്കുകളും പലതും വറ്റാൻ തുടങ്ങിയതും പല കാർഷിക വിളകൾക്കും പ്രതിസന്ധി സൃഷ്ടിക്കും. ചൂടിനെ തുടർന്ന് വിളകൾ ഭൂരിഭാഗവും വാടിക്കരിഞ്ഞ് നിൽക്കുന്നത് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. പച്ചക്കറി വിളവെടുക്കുന്ന സമയം കൂടിയായതിനാൽ ഉണക്ക് കർഷകരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. മാർക്കറ്റിൽ നാടൻ പച്ചക്കറിയുടെ വരവ് കുറഞ്ഞ് തുടങ്ങി. വിളവെടുക്കുന്ന ഏത്തക്കുലയുടെ തൂക്കത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഹൈറേഞ്ചിൽ ഏറെ കൃഷി ചെയ്യുന്ന വാഴ കർഷകരും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ നട്ട വാഴകൾ വേനൽ മഴ ലഭിക്കാത്തതുമൂലം കരിഞ്ഞു നാശത്തിന്റെ വക്കിലാണ്. വാഴയും കപ്പയുമടക്കം ഉണങ്ങി. വാഴപ്പിണ്ടിയുടെ വെള്ളം വറ്റി വാഴകൾ ഒടിഞ്ഞുവീഴുകയാണ്. വാഴ മാത്രമല്ല, കുരുമുളക്, ജാതി, പച്ചക്കറികൾ, ഫലവൃക്ഷത്തൈകൾ മുതൽ തെങ്ങിൻ തൈകളും കമുകും വരെ വാടിയ നിലയിലാണ്. ഹൈറേഞ്ചിൽ പോലും മണ്ണ് ഉണങ്ങിക്കിടക്കുന്ന സാഹചര്യമാണെന്ന് കർഷകർ പറയുന്നു. പാവക്കയും പയറുമൊക്കെ മാർക്കറ്റിലേക്ക് ധാരാളം വരേണ്ട സമയമായിട്ടും വലിയ കുറവ് നേരിടുന്നതാതി കച്ചവടക്കാർ പറയുന്നു. തെങ്ങിന്റെ മച്ചിങ്ങയും കൊഴിഞ്ഞു തുടങ്ങി. നനച്ചു കൊടുക്കുന്ന തെങ്ങുകളിൽ മാത്രമാണ് തേങ്ങ പിടിക്കുന്നത്.
ആശ്വാസം വേനൽ മഴ മാത്രം
വേനൽ മഴ ലഭിക്കുമ്പോഴാണ് കപ്പ, ചേന, കാച്ചിൽ തുടങ്ങിയ നടുതല കൃഷികൾ നടുന്നത്. എന്നാൽ, ഇത്തവണ വേനൽമഴ ലഭിക്കാതെ വന്നതിനാൽ നടുതല കൃഷികൾ നടാൻ കഴിഞ്ഞിട്ടില്ല. വേനൽ മഴ കിട്ടിയാൽ ഒരു പരിധി വരെ ആശ്വാസം കിട്ടുമെന്നാണ് കർഷകർ പറയുന്നത്. ഈ സമയങ്ങളിൽ രണ്ടു മൂന്ന് മഴയെങ്കിലും കിട്ടേണ്ടതാണ്. എന്നാൽ വേനൽ നീണ്ട് നിന്നേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ അഭിപ്രായം. ഇങ്ങനെ വന്നാൽ എങ്ങനെ പ്രതിരോധിക്കുമെന്നാണ് കർഷകരുടെ ആശങ്ക. ഇനിയും മഴ നീണ്ടാൽ കാർഷിക മേഖലയിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകും.