രാജാക്കാട്: മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചിന്നക്കനാലിലുള്ള റിസോർട്ട് ഉൾപ്പെടുന്ന ഭൂമി വീണ്ടും അളക്കാൻ തീരുമാനം. അടുത്തയാഴ്ച ഹെഡ് സർവ്വേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിധ്യത്തിലാണ് അളക്കുക. മുമ്പ് ഭൂമി അളന്നപ്പോൾ പിശകുണ്ടായെന്ന് മാത്യു കുഴൽനാടന്റെ പാർട്ണർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് നടപടി. പാർട്ണർമാരായ ടോണി സാബു, ടോം സാബു എന്നിവരാണ് തഹസിൽദാരുടെ മുന്നിൽ ആവശ്യം ഉന്നയിച്ചത്. ജനുവരിയിൽ സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തിയതോടെയാണ് ഭൂമി അളന്നത്. ലാൻഡ് റവന്യൂ തഹസീൽദാർ നൽകിയ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചായിരുന്നു നടപടി. 50 സെന്റ് സർക്കാർ പുറമ്പോക്ക് മാത്യു കുഴൽനാടൻ കൈവശം ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇത് റവന്യൂ വിഭാഗവും സ്ഥിരീകരിച്ചിരുന്നു.