ഇടുക്കി: എതിർ സ്ഥാനാർത്ഥിയുടെ കോലം കത്തിക്കാനൊന്നും തിരഞ്ഞെടുപ്പ് വേള ഉപയോഗിക്കരുതേ.. പണിപാളും.തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ സസൂഷ്മം വീക്ഷിച്ച് നടപടിയെടുക്കാൻ നിരീക്ഷകർ രംഗത്തുണ്ട്.

എതിരാളികളുടെ കോലങ്ങൾ നിർമ്മിക്കാനോ കത്തിക്കാനോ അനുവദിക്കുന്നതല്ല എന്ന്മാത്രമല്ല ഒരേ റൂട്ടിൽ രണ്ട് എതിർ പാർട്ടിക്കാർ റാലി നടത്താൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തിൽ വേണം റാലി നടത്താൻ. സ്വതന്ത്രവും നിക്ഷ്പക്ഷവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാർഗനിർദ്ദേശങ്ങളിലാണ് നടപടിക്രമങ്ങൾ വിശദമാക്കുന്നത്. ഇത് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സർക്കാരുകളെയും എല്ലാ പാർട്ടികളിലും ഉൾപ്പെടുന്ന സ്ഥാനാർത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്രവും അധികാരവുമുണ്ടാകും. പെരുമാറ്റ ചട്ടം ലംഘിച്ചാൽ കമ്മീഷൻ കർശനമായ നടപടി സ്വീകരിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പ്‌നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ പെരുമാറ്റ ചട്ടം നിലനിൽക്കും.

രാഷ്ട്രീയ പാർട്ടികളെ കുറിച്ചുള്ള വിമർശനം അവരുടെ നയങ്ങളിലും പരിപാടികളിലും മുൻകാല പ്രവർത്തനങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണം. ജാതീയവും വർഗീയവുമായ വികാരങ്ങളെ കത്തിക്കുന്ന രീതിയിൽ ഒന്നും തന്നെ തെരഞ്ഞെടുപ്പിൽ വോട്ട് കരസ്ഥമാക്കാൻ വേണ്ടി ചെയ്യരുത്. പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനോ, സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ വിമർശിക്കാനോ അനുവദിക്കുന്നതല്ല. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകൾക്ക് പുറത്ത് പിക്കറ്റിംഗ്, പ്രകടനം എന്നിവ നടത്തിയാൽ നടപടി സ്വീകരിക്കും.

യോഗങ്ങൾ

പൊതു യോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ അതാത് ലോക്കൽ പൊലീസിന്റെ അനുമതി നേടുന്നതിനോടൊപ്പം നിർബന്ധമായും വിവരങ്ങൾ സുവിധ പോർട്ടലിൽ നല്കി റിട്ടേണിങ് ഓഫീസർമാരുടെ അനുമതിയും വാങ്ങേണ്ടതാണ്.

വാഗ്ദാനം വേണ്ട

മന്ത്രിമാർ ഔദ്യോഗിക സന്ദർശനങ്ങളെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുകയോ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുകയാേ ചെയ്യരുത്. പൊതു ഖജനാവിന്റെ ചെലവിൽ പരസ്യം പാടില്ല. സാമ്പത്തിക സഹായം, പദ്ധതികൾ സംബന്ധിച്ച് വാഗ്ദാനം, പുതിയ പദ്ധതികൾക്ക് തറക്കല്ലിടൽ എന്നിവ അനുവദനീയമല്ല. പൊതു ഇടങ്ങളും റസ്റ്റ് ഹൗസുകളും ഭരണകക്ഷികൾക്ക് മാത്രമാകാതെ എല്ലാ പാർട്ടികൾക്കും തുല്യമായ പ്രവേശനം ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്..

വിവിധ വിഭാഗക്കാർ തമ്മിൽ സ്പർധ ഉണ്ടാക്കുന്ന പ്രചാരണങ്ങളാേ വ്യക്തിയുടെ സ്വകാര്യജീവിതത്തെ ആക്രമിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോ പാടില്ല. പൊതുയോഗങ്ങൾക്ക് മുൻകൂർ അനുമതി വേണം. അത്തരം പരിപാടികൾ ജില്ലാ ഭരണകൂടം വീഡിയോഗ്രാഫിയിലൂടെ സ്പഷ്ടമായി നിരീക്ഷിക്കും.

കൊടിതോരണങ്ങൾ

ഒരു സ്ഥലത്ത് ഒരു സ്ഥാനാർത്ഥിയുടെയോ പാർട്ടിയുടെയോ പരമാവധി 3 കൊടികൾ മാത്രമേ പ്രദർശിപ്പിക്കാവൂ. ഒരാൾക്ക് ഒന്നിലധികം പാർട്ടികളുടെ കൊടികൾ പ്രദർശിപ്പിക്കണമെങ്കിൽ ഒരു പാർട്ടി/സ്ഥാനാർത്ഥിക്ക് ഒന്ന് എന്ന രീതിയിലെ പാടുള്ളൂ. വാഹനങ്ങളിൽ പരമാവധി ഒരടി *അരയടി വലിപ്പത്തിലുള്ള ഒരു കൊടി മാത്രമേ പാടുള്ളൂ.

മൃഗങ്ങൾ വേണ്ട

പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കരുത്. പ്രതിരോധസേന/സേനാംഗങ്ങൾ എന്നിവരുടെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കുവാൻ പാടില്ല. ബാലവേല പാടില്ല. പ്ലാസ്റ്റിക്/പോളിത്തീൻ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്.