പീരുമേട് : സദാ അന്തരീഷംതണുത്ത പീരുമേട് പ്രദേശത്ത് ചൂടുകൂടിയതോടെ ജനം കുടിവെള്ളലഭ്യതയും കൃഷിയും പ്രതിസന്ധിയിലായി. ആറുകളും തോടുകളും കുളങ്ങളും വെള്ളമില്ലാതെ വറ്റിവരണ്ടു. പെരിയാർ നദിയും ,പാമ്പനാർ തോട്, പീരുമേട് അഴുതയാറ്, പട്ടുമുടി തോട്, ലാട്രം തോട് തുടങ്ങി ചെറുതും വലുതുമായ തോടുകൾ വറ്റിവരണ്ടതോടെ ആളുകൾ കുളിക്കാനും കുടിക്കാനും കൃഷിക്കും വെള്ളമില്ലാതെ ദുരിതത്തിലായി. പ്രദേശത്തെ കർഷകർ വെള്ളമില്ലാത്തതോടെ ഏലച്ചെടികളും തേയിലച്ചെടികളും ഉണങ്ങി നശിച്ചു. ഏലക്കാടുകൾ ഉണങ്ങി ഏല ചെടിയുടെ തണ്ടുകൾ ഒടിഞ്ഞു തുടങ്ങി. വെള്ളം തളിക്കാൻ വെള്ളം ഇല്ല. വേനൽ മഴ ലഭിക്കുന്ന ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ ഇത്തവണ ഒരു മഴ പോലും പീരുമേട് പ്രദേശത്ത് ലഭിച്ചില്ല. ഇതോടെ ഏലകർഷകർ ദുരിതത്തിലായിരിക്കയാണ്.. വേനൽ മഴ ലഭിക്കുമ്പോൾ ഏലത്തിന്റെ ചിമ്പ് മുളച്ച് കർഷകന് ലഭിക്കുന്നത് വലിയ ആശ്വാസമായിരുന്നു വേനൽ മഴ.

ഈ വർഷം വേനൽ മഴ ലഭിക്കാതെ കർഷകന്റെ പ്രതീക്ഷ അസ്തമിച്ചു. തേയില കൃഷിക്കാർക്ക് വേനൽ മഴ ലഭിച്ചാൽ തേയില ചെടിയുടെ അരിമ്പ് പൊട്ടിമുളച്ച് കൊളന്ത് കൂടുതൽ കിട്ടുമായിരുന്നു. ഇപ്പോഴാകട്ടെ വേനൽ കടുത്ത തോടെ തേയില ചെടികൾ വാട്ടം നേരിട്ട് കൊളുന്ത് ഉൽപ്പാദനം പത്തിൽ ഒന്നായി ചുരുങ്ങി.
തേയിലച്ചെടിക്ക്കുമിള രോഗം പിടി പെട്ടതോടെ പല പ്രദേശങ്ങളിലും പച്ചകൊളുന്ത് എടുക്കാനില്ലാതായി.

ആശ്രയം ജലജീവൻ

പീരുമേടിലെ ജനങ്ങൾ കുടിക്കാനായി ആശ്രയിക്കുന്നത് കൂടുതലും ജല ജീവൻമിഷന്റെ കുടിവെളളമാണ്.

പീരുമേട്, ഏലപ്പാറ,പെരുവന്താനം, വണ്ടി പ്പെരയാർ, ഉപ്പു തറ പ്രദേശങ്ങളിലായി 15000ൽ അധികം ഉപഭോക്താക്കൾ ജലജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയാണ് ആശ്രയിക്കുന്നത് ഹെലിബറിയ കൂടി വെള്ള പദ്ധതിയിൽ നിന്നാണ് നാല് പഞ്ചായത്തുകളിൽ വെള്ളം എത്തുന്നത്. ഇവിടെയും വെള്ളം കുറഞ്ഞ് തുടങ്ങിയിരിക്കയാണ്.ഈ പദ്ധതി മുടങ്ങിയാൽ ജനം കുടിക്കാൻ വെള്ളമില്ലാതെ ദുരിതത്തിലാകും.