കാലടി: മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ വിശുദ്ധവാരാഘോഷത്തിന് തുടക്കം. ഓശാന തിരുകർമ്മങ്ങൾ മലയാറ്റൂർ സെന്റ് തോമസ് ഹൈസ്‌കൂളിൽ ആരംഭിച്ചു. വിശുദ്ധബലിയോടെയാണ് അനുഷ്ഠാനങ്ങൾക്ക് തുടക്കമിട്ടത്. തിരുകർമ്മങ്ങൾക്ക് മലയാറ്റൂർ ഇടവക മുൻവികാരി തോമസ് പൈനാടത്ത് നേതൃത്വം നൽകി.

കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവയിൽ ഇടവകക്കാരുടെയും തീർത്ഥാടകരുടെയും വലിയ പങ്കാളിത്തമുണ്ടായി. ചടങ്ങുകൾക്ക് മലയാറ്റൂർ ഇടവക വികാരി ഫാ. ജോസ് ഒഴലക്കാട്ട് മേൽനോട്ടം വഹിച്ചു. മലയാറ്റൂർ കുരിശുമുടിയിൽ രാവിലെ ആറുമണിക്ക് നടന്ന ഓശാന തിരുകർമ്മങ്ങൾക്ക് ഫാ. ലിനേഷ് മൂലപ്പറമ്പിൽ നേതൃത്വം നൽകി. ഓശാന ഞായറിനോടനുബന്ധിച്ച് കുരിശുമുടി കയറാൻ ഭക്തജനങ്ങളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്.