voter

ഇടുക്കി: ലോകസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ്. മലമ്പണ്ടാരം വിഭാഗത്തിലെ വോട്ടർമാർക്കുള്ള വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് വിതരണം വള്ളക്കടവ് ഫോറസ്റ്റ് ഡോർമിറ്ററിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. മലമ്പണ്ടാരവിഭാഗത്തിൽപ്പെട്ട പത്ത് പേർക്കാണ് പുതുതായി തിരിച്ചറിയൽ കാർഡുകൾ നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പട്ടികവർഗ്ഗ ജനവിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താൻ ജില്ലാ ഭരണകൂടവും ജില്ലാ ഇലക്ഷൻ വിഭാഗവും സ്വീപിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് 'നങ്ക വോട്ട്' കാമ്പയിൻ. പരിപാടിയിൽ ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. സ്വീപ് നോഡൽ ഓഫീസർ ലിബു ലോറൻസ്, പീരുമേട് എ ആർ ഒ ഡോ. പ്രിയൻ അലക്‌സ് റുബല്ലോ, പീരുമേട് തഹസിൽദാർ സണ്ണി ജോർജ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.