തൊടുപുഴ : മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ വി കെയർ ഫാമിലി ഹെൽത്ത് സ്‌കീമിന് തുടക്കമായതായി കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമലും ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ മേഴ്‌സി കുര്യനും അറിയിച്ചു. സാധാരണക്കാർക്ക് ചികിൽസാ ചെലവ് കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സാമൂഹിക പ്രതിബദ്ധത മുൻ നിർത്തിയാണ് ഹോളിഫാമിലിയിൽ പദ്ധതി ആരംഭിക്കുന്നതെന്നും ഇവർ പറഞ്ഞു. 650 രൂപയുടെ ഹെൽത്ത് കാർഡ് സ്വന്തമാക്കുന്നതോടെ കുടുംബാംഗങ്ങൾക്ക് പദ്ധതിയിൽ അംഗമാകാം. രണ്ടുവർഷമാണ് ഇതിന്റെ കാലാവധി. പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് അപകട മരണം സംഭവിച്ചാൽ നാഷണൽ ഇൻഷുറൻസിന്റെ രണ്ടുലക്ഷം രൂപയുടെ പരിരക്ഷയും ലഭിക്കും. ഇതിനു പുറമെ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരണമുള്ള സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നും സ്‌കാനിംഗ്, എക്‌സ്‌റേ, കൺസൾട്ടേഷൻ എന്നിവ നടത്തുമ്പോഴും വിവിധ ചികിൽസാ ഉപകരണങ്ങൾ വാങ്ങുമ്പോഴും അഞ്ചുശതമാനം മുതൽ 50 ശതമാനം വരെ ഇളവും ലഭിക്കും.. ഇതിനു പുറമെ ഇവിടെ കിഡ്‌നി ട്രാൻസ് പ്ലാന്റേഷൻ യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നുണ്ടെന്നുംവിജയകരമായി മൂന്നു കിഡ്‌നി ട്രാൻസ്പ്ലാന്റേഷനുകൾ അടുത്തിടെ നടത്താനായതായും അധികൃതർ അറിയിച്ചു.