bridge

വണ്ണപ്പുറം: താത്കാലിക പാലത്തിലെ ഇരുമ്പു തകിട് തെന്നി താഴെ വീണ് വൃദ്ധന് ഗുരുതര പരിക്ക്. വണ്ണപ്പുറം ചേലച്ചുവട് മൂഞ്ഞനാട്ട് വർഗീസിനാണ് (83) പരിക്കേറ്റത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.30നായിരുന്നു അപകടം. വർഗീസ് രാവിലെ പള്ളിയിൽ പോകാനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. നെയ്യശ്ശേരി- തോക്കുമ്പൻ റോഡ് പണിയ്ക്കായി പൊളിച്ച കലുങ്കിന് സമീപം താത്കാലികമായി പണിതിട്ടുള്ള ഇരുമ്പു പാലത്തിൽ കയറി. തോടിന് കുറുകെ ഇരുമ്പു കേഡറിൽ ഇരുമ്പു തകിട് നിരത്തിയാണ് താത്കാലിക പാലം കരാർ കമ്പനി പണിതിരുന്നത്. എന്നാൽ തകിടുകൾ സ്‌ക്രൂ ചെയ്യുകയോ കെട്ടുയോ ചെയ്തിരുന്നില്ല ഇതാണ് തകിട് തെന്നി പോകാനും വയോധികൻ തോട്ടിൽ വീഴാനും കാരണം. അപകടം അറിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ കരാറുകാരൻ തകിടുകൾ നൂൽകമ്പി ഉപയോഗിച്ച് കേഡറുമായി ബന്ധിപ്പിച്ചു പാലം ബലപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് കാരണക്കാരായ കമ്പനി ചികിത്സാ സഹായം പോലും നൽകാൻ തയ്യാറായിട്ടില്ല. പ്രശ്‌നത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നാണ് വയോധികന്റ വീട്ടുകാർ ആവശ്യപ്പെടുന്നത്‌.