മൂന്നാർ: വീണ്ടും വാഹനപരിശോധനയുമായി മൂന്നാറിലെ സ്ഥിരം സാന്നിദ്ധ്യമായ കാട്ടുകൊമ്പൻ പടയപ്പ. മൂന്നാർ ദേവികുളം ടോൾ പ്ലാസയ്ക്ക് സമീപമാണ് ആന ഇറങ്ങിയത്. വനം വകുപ്പിന്റെ നിരീക്ഷണം തുടരുന്നതിനിടെയാണ് പടയപ്പ കഴിഞ്ഞ രാത്രിയിൽ ടോൾ പ്ലാസയ്ക്ക് സമീപം ഇറങ്ങിയത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ആന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. ബസിന് സമീപമെത്തി ആന ഡ്രൈവറുടെ ക്യാബിനിലടക്കം പരതി. പിന്നീട് പിന്തിരിഞ്ഞു. കാട്ടാന അടുത്തെത്തിയപ്പോൾ ഭയന്നെങ്കിലും യാത്രക്കാർ സുരക്ഷിതരാണ്. ആന പുലർച്ചെ വരെ മേഖലയിൽ തുടർന്നു. ദേശീയ പാതയിലൂടെ കടന്ന് പോയ നിരവധി വാഹനങ്ങൾ തടഞ്ഞു. കഴിഞ്ഞ ദിവസം സ്‌പെഷ്യൽ ടീമിന്റെ നേതൃത്വത്തിൽ, വനം വകുപ്പ് പടയപ്പയെ നിരീക്ഷിയ്ക്കാൻ ആരംഭിച്ചിരുന്നു. ഉൾവനത്തോട് ചേർന്നുള്ള പ്രദേശത്ത് എത്തിയാൽ കാട്ടിലേയ്ക് തുരത്തുമെന്നും ജനവാസ മേഖലയിൽ ഇറങ്ങാതെ ശ്രമിയ്ക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഇതിനിടെയാണ് പടയപ്പ വീണ്ടും ദേശീയ പാതയിൽ ഇറങ്ങിയത്.