നെടുങ്കണ്ടം: ഇടുക്കി ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. വണ്ടൻമേട് മഹാഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഇന്നലെ പര്യടനം ആരംഭിച്ചത്. വിവിധ മത സാമുദായിക നേതാക്കന്മാരെ നേരിൽ കണ്ടു. എൻ.എസ്.എസ് ഹൈറേഞ്ച് യൂണിയൻ ആസ്ഥാനമായ നെടുങ്കണ്ടം കല്ലാറ്റിലെ ഓഫീസിൽ ചെയർമാൻ കെ.എസ്. അനിൽകുമാറിനെ സന്ദർശിച്ചു. പച്ചടി ശ്രീധരൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ പ്രസിഡന്റ് സജി പറമ്പത്തിനെ സന്ദർശിച്ചു. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം സംസ്ഥാന സെക്രട്ടറി കൂടിയായ സ്ഥാനാർത്ഥിക്ക് നെടുങ്കണ്ടം, രാജാക്കാട് യൂണിയനുകളിലെ വനിതാ സംഘം പ്രവർത്തകർ സ്വീകരണം നൽകി. എൻ.എസ്.എസ് നേതാവ് ആർ. മണിക്കുട്ടൻ, മുതിർന്ന ആർ.എസ്.എസ് കാര്യകർത്താവ് എ.പി. ഗോപിനാഥ്, വിശ്വകർമ്മ മഹാസഭ ശാഖാ പ്രസിഡന്റ് ശൈലേന്ദ്രൻ തുടങ്ങിയവരെ സന്ദർശിച്ചു.
പുളിയന്മല അമല മനോഹരി കപ്പേളയിലും രാജാക്കാട് മുഹ്‌യിദ്ദീൻ ജുമാമസ്ജിദിലും രാജാക്കാട് ക്രിസ്തുരാജ് ഫൊറോനാ ദേവാലയത്തിലും സന്ദർശനം നടത്തി.