 
തൊടുപുഴ: തൊടുപുഴ, കോതമംഗലം ഭാഗത്തെ വിവിധ സ്ഥലങ്ങളിൽ വോട്ട് തേടിയാണ് ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് തിരഞ്ഞെടുപ്പ് പ്രചരണം ഊർജിതമാക്കിയത്. രാവിലെ തൊടുപുഴ ചുങ്കം പള്ളിയിലെത്തി അനുഗ്രഹം തേടി..
തുടർന്ന് ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു. വെങ്ങല്ലൂരിലെ സ്വകാര്യ സ്ഥാപനം ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളിലെ തൊഴിലാളികളെ കണ്ട് വോട്ട് ചോദിക്കുന്നതിനും ഡീൻ എത്തി. ഉച്ചയ്ക്ക് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ എത്തി അനുഗ്രഹം തേടി. ഇവിടെ എത്തിയ വിശ്വാസികളോടും ഡീൻ വോട്ട് അഭ്യർത്ഥിച്ചു. തൊടുപുഴ നൈനാൻ പള്ളിയിലെത്തി വലിയ ഇമാമിനെ സന്ദർശിച്ചു. അവിടെ വിശ്വാസികളെ കണ്ട ശേഷം ഒരു മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു. വൈകിട്ട് കോതമംഗലത്ത് വിവിധ സ്ഥാപനങ്ങളും കടകളും സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കോതമംഗലത്ത് നിയോജക മണ്ഡലം കൺവെൻഷനിലും റോഡ് ഷോയിലും പങ്കെടുത്ത ശേഷം ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത ശേഷമാണ് ഇന്നലത്തെ പര്യടനം അവസാനിപ്പിച്ചത്.
ഇന്ന് കട്ടപ്പന, കാഞ്ചിയാർ മേഖലകളിൽ പ്പര്യടനം നടത്തും. വൈകിട്ട് അഞ്ചിന് അടിമാലിയിൽ നിയോജക മണ്ഡലം കൺവെൻഷനും സംഘടിപ്പിച്ചിട്ടുണ്ട്