തൊടുപുഴ: തൊടുപുഴയിൽ നിന്ന് മണക്കാട് പണ്ടപ്പിള്ളി വഴി ചോറ്റാനിക്കരയിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇനി മുതൽ എറണാകുളം അമൃത ആശുപത്രി വരെ ഓടും. തൊടുപുഴ ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിക്കുന്ന സർവീസാണ് അമൃത ആശുപത്രി വരെ നീട്ടിയത്. ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്കും മറ്റും ഇത് വളരെ പ്രയോജനപ്രദമാണ്. ഈ ബസ് കൊവിഡ് കാലത്ത് സർവീസ് നിലച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും പുനരാരംഭിക്കാൻ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ നവംബറിൽ വീണ്ടും ഓടിത്തുടങ്ങിയത്. അരിക്കുഴ, മണക്കാട് മേഖലയിലുള്ള നിരവധി പേർക്ക് എറണാകുളം മേഖലയിലേക്ക് പോകാൻ ഈ ബസ് സർവീസ് വളരെ ഉപകാരപ്രദമാണ്. ചോറ്റാനിക്കര ക്ഷേത്രത്തിൽ പോകുന്ന ധാരാളം ഭക്തരും ഈ ബസ് സർവീസ് ഉപയോഗിക്കുന്നുണ്ട്.