തൊടുപുഴ: ഉടുമ്പന്നൂർ, ചീനിക്കുഴി പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവർമാ‌ർക്ക് രാത്രി കണ്ണുകാണില്ലേ... നാട്ടുകാരുടെ സംശയമാണ്. രാത്രി 7.45 കഴിഞ്ഞാൽ ചീനിക്കുഴി ഭാഗത്തേക്ക് ഒരു സ്വകാര്യ ബസ് പോലും സർവീസ് നടത്താത്ത സാഹചര്യമാണെന്ന് ഇവർ പറയുന്നു. നേരത്തെ രാത്രി 8.30നും 9.15നും സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്നു. രാത്രി സമയങ്ങളിൽ ബസുകൾ ഇല്ലാത്തതിനാൽ നിരവധി യാത്രക്കാരാണ് വലയുന്നത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ജോലി കഴിഞ്ഞ് മടങ്ങുന്നവർ രാത്രി സമയങ്ങളിൽ ബസ് ലഭിക്കാതെ നഗരത്തിൽ കുടുങ്ങുന്ന സ്ഥിതിയാണ്. സ്ത്രീ യാത്രക്കാരാണ് കൂടുതൽ വലയുന്നത്. എറണാകുളം, കോട്ടയം പ്രദേശങ്ങളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനായി തൊടുപുഴയിലെത്തുന്നവരും സമാന ദുരിതമാണ് അനുഭവിക്കുന്നത്. 500 രൂപ മുതൽ 700 രൂപവരെ മുടക്കി ഓട്ടോറിക്ഷ വിളിച്ച് വീട്ടിൽ പോകേണ്ട സാഹചര്യവും ഉണ്ടാകുന്നതായി യാത്രക്കാർ പറയുന്നു.

കണ്ണടച്ച് അധികൃതർ

സർവീസ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതു മൂലമാണ് മാസങ്ങളായി സർവീസ് ഇല്ലാതാകാൻ കാരണമെന്നും ആക്ഷേപമുണ്ട്. നിലവിൽ പെർമിറ്റുള്ളവർ സർവീസ് നടത്താൻ തയ്യാറായില്ലെങ്കിൽ പെർമിറ്റ് റദ്ദ് ചെയ്യുകയും രാത്രി യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി ഈ റൂട്ടിൽ സർവീസ് നടത്തുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രി സർവീസുകൾ മുടക്കി യാത്രക്കാരെ പെരുവഴിയിലാക്കുന്ന സ്വകാര്യബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി, ട്രാൻസ്‌പോർട്ട് കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്ന് യാത്രക്കാർ അറിയിച്ചു.