ഇടുക്കി : മറയൂർ പൊലിസിന് നൽകിയ പരാതികൾ പരിഗണിക്കാതെ എ.എസ്.ഐ മർദ്ദിക്കാൻ ശ്രമിച്ചെന്ന പരാതി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. മറയൂർ മേലാടിക്കര മേരി പുഷ്പം നൽകിയ പരാതിയിലാണ് ഉത്തരവ്.

മൂന്നാർ ഡിവൈ.എസ്.പി യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ മകൻ ജിം നടത്തുന്നതിനായി വാടകയ്‌ക്കെടുത്ത കെട്ടിടത്തെ കുറിച്ചുള്ള പരാതിയാണ് ആദ്യം നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മറയൂർ സ്റ്റേഷനിൽ നൽകിയ വിവിധങ്ങളായ പരാതികളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതു കാരണമാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയതെന്ന് ഡിവൈ. എസ്.പി കമ്മീഷനെ അറിയിച്ചു.

3 മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്.