തൊടുപുഴ: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമ്മാണാനുമതിക്ക് വേണ്ട പ്ലാൻ വരയ്ക്കുന്ന കേന്ദ്രങ്ങളാക്കുന്നതിനെതിരെ എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലെൻസ്‌ഫെഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ നഗരസഭയുടെ മുന്നിൽ ഇന്ന് ധർണ നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 500 എൻജിനിയർമാർ ധർണയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് മാത്യു കുഴൽനാടൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് പി.എൻ. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജോ മുരളി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ബി. അനിൽകുമാർ, സംസ്ഥാന സമിതി അംഗം അഗസ്റ്റിൻ ജോസഫ്, ലെൻസ്‌ഫെഡ് ജില്ലാ സെക്രട്ടറി സുബിൻ ബെന്നി, ജില്ലാ ട്രഷറർ രാജേഷ് എസ്, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ജോൺ എന്നിവർ സംസാരിക്കും. എം- പാനൽ ചെയ്ത ലൈസൻസികൾ കുറവാണെങ്കിൽ റഗുലർ ലൈസൻസികൾക്ക് എല്ലാവിധ പ്ലാൻ വരക്കാനുള്ള അനുവാദം നൽകുന്നതിന് പകരം കുടുംബശ്രീകളെ ആശ്രയിക്കുന്നത് ഈ മേഖലയുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഇല്ലാതാക്കുമെന്നും ഇവർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് പി.എൻ. ശശികുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജോ മുരളി, ജില്ലാ ട്രഷറർ രാജേഷ് എസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി. സുരേഷ് കുമാർ, തൊടുപുഴ ഏരിയാ പ്രസിഡന്റ് രാജേഷ് കുമാർ പി.എസ് എന്നിവർ പങ്കെടുത്തു.