 
കട്ടപ്പന: അഭിഭാഷകനായ ജോയ്സ് ജോർജ്ജ് കട്ടപ്പന ബാർ അസോസിയേഷനിലെത്തി സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും വോട്ടഭ്യർഥിച്ചു. സഹപ്രവർത്തകരോട് കുശലാന്വേഷണങ്ങൾ നടത്തുകയും തെരഞ്ഞെടുപ്പ് പര്യടന വിശേഷങ്ങങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. കോടതി ജീവനക്കാരുടെയും അഭിഭാഷകരായ സഹപ്രവർത്തകരുടയും വോട്ട് ഉറപ്പിച്ച സ്ഥാനാർഥി അവരോടൊപ്പം ഉച്ചയൂണും കഴിച്ചാണ് മടങ്ങിയത്. ചൊവ്വാഴ്ച രാവിലെ 7.30 ന് പാമ്പാടുംപാറ കേരള കാർഷിക സർവകലാശാല ഏലം ഗവേഷണകേന്ദ്രം സന്ദർശിച്ചാണ് ജോയ്സ് ജോർജ്ജിന്റെ പര്യടനം ആരംഭിച്ചത്. ജീവനക്കാർ മാലയിട്ടും പൊന്നാടയണിയിച്ചുമാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. 15 മിനിറ്റോളം ജീവനക്കാരുമായി സംസാരിച്ച് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. കൂടാതെ ജീവനക്കാരോട് വോട്ട് അഭ്യർഥിച്ചാണ് മടങ്ങിയത്. തുടർന്ന് കൽക്കൂന്തൽ, താന്നിമൂട്, പാമ്പാടുംപാറ, നെടുങ്കണ്ടം എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും ജോയ്സ് ജോർജ്ജ് പങ്കെടുത്ത് സംസാരിച്ചു.
ബുധനാഴ്ച മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും രാവിലെ 7 ന് കാലാമ്പൂരിൽ നിന്ന് പര്യടനം ആരംഭിക്കും. കടവൂർ ലക്ഷംവീട് കോളനി, തൊണ്ണൂറാം കോളനി, കല്ലൂർകാട് ലക്ഷംവീട് കോളനി, ആറൂർ കോളനി എന്നിവിടങ്ങളിലെ നാട്ടുകൂട്ട ചർച്ചകളിലും പങ്കെടുക്കും.