water

പീരുമേട്: പീരുമേട്ടില ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ഹെലിബറിയാ കുടിവെള്ള പദ്ധതിയിലെ ജലവിതരണത്തിന് ഉണ്ടായ പ്രതിസന്ധി ഇന്ന് പരിഹരിക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ. അറിയിച്ചു.
കഴിഞ്ഞ 10 ദിവസമായി ഹെലിബറിയ കുടിവെള്ള പദ്ധതി പ്രദേശത്ത് പെരിയാർ നദിയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് പമ്പിംഗ് നടന്നിരുന്നില്ല. ഇതിനെ തുടർന്ന് കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലേക്ക്ുള്ള കുടിവെള്ളം വിതരണം ഭാഗികമായി മുടങ്ങിയിരുന്നു. ജലജീവൻ മിഷന്റെ ഭാഗമായി പതിനയ്യായിരത്തോളം ഉപഭോക്താക്കൾക്ക് കുടിവെള്ളം എത്തിക്കുന്നത് ഹെലിബറിയ പദ്ധതി പ്രകാരമാണ്. കുടിവെള്ളം പമ്പ് ചെയ്യാനുള്ള നടപടി പൂർത്തീകരിച്ചതിനെ തുടർന്നാണ് തടസ്സം മാറിയത്. തുടർന്ന് വാഴൂർ സോമൻ എം.എൽ.എ. ഇടപ്പെട്ട് പ്രശ്നംപരിഹരിക്കാൻ തയ്യാറായി. എക്സിക്യൂട്ടീവ് എഞ്ചിനീയറോട് എം.എൽ.എ നേരിട്ട് അറിയിച്ചതിനെത്തുടർന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ , സജി റ്റി.എൻ പീരുമേട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആദർശ് ,അസിസ്റ്റന്റ് എൻജിനീയർ വിനോദ് എന്നിവർ പമ്പ് ഹൗസിൽ നേരിട്ട് പരിശോധന നടത്തി. ബുധനാഴ്ച രാവിലെ മുതൽ പുതിയ പമ്പ് സ്ഥാപിച്ച് പുഴയിൽ നിന്നും നേരിട്ട് പമ്പിങ് നടത്തി ജല വിതരണത്തിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചതായി വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു.