കുമളി: ഇലക്ഷൻ കമ്മിഷൻ നിരീക്ഷകന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പരാതിയിൽ കുമളിയിൽ അഞ്ച് യു.ഡി.എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ എം.എം. വർഗീസ്, റോബിൻ കാരക്കാട്, പി.പി. റഹിം, മുസ്ലിംലീഗിലെ മുഹമ്മദ് ഷാജിമുഹമ്മദ് ഷാജി, സി.എം.പിയിലെ എൽ. രാജൻ എന്നിവർക്കെതിരെയാണ് കേസ്. കുമളി വ്യാപാരി ഭവനിൽ തിങ്കളാഴ്ച നടന്ന യു.ഡി.എഫ് മണ്ഡലം കൺവൻഷന് മുൻകൂർ അനുമതിയില്ലെന്ന് കാട്ടി ഇലക്ഷൻ കമ്മിഷൻ നിരീക്ഷകനായ പെരുവന്താനം പഞ്ചായത്ത് സെക്രട്ടറി യോഗ ഹാളിലെത്തി യോഗം വീഡിയോയിൽ പകർത്തിയതാണ് തർക്കത്തിനിടയാക്കിയത്. ഇത് ചോദ്യം ചെയ്ത യു.ഡി.എഫ് പ്രവർത്തകരുമായി തർക്കത്തിലേർപ്പെട്ട ഉദ്യോഗസ്ഥൻ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. കിലോമീറ്ററുകൾ സഞ്ചരിച്ച് നൂറിൽ താഴെ ആൾക്കാർ ഹാളിനുള്ളിൽ കൂടിയ സ്ഥലത്ത് ഉദ്യോഗസ്ഥൻ എത്തിയതിൽ പന്തികേടുള്ളതായാണ് യു.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നത്. പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.