ഉപ്പുതറ: കരുന്തരുവി അമ്പലപ്പാറ കുടിവെള്ള പദ്ധതിയിൽ വ്യാപക ക്രമക്കേട് കാണിച്ചെന്ന് പരാതി. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഫ്ലക്‌സ് അടക്കം വച്ചെങ്കിലും 2,​00,​000 രൂപ മുടക്കി മോട്ടർ സ്ഥാപിച്ചതല്ലാതെ മറ്റൊരു നടപടിയും ചെയ്തിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്ത് അംഗവും പ്രദേശവാസികളും ഉന്നയിക്കുന്ന ആരോപണം. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട അമ്പലപ്പാറ കുടിവെള്ള പദ്ധതിയിലാണ് വ്യാപക ക്രമക്കേട് കാണിച്ചെന്ന് പരാതി ഉയർന്നിരിക്കുന്നത്. കുടിവെള്ള പദ്ധതി 2.6 ലക്ഷം രൂപ മുടക്കി പദ്ധതി നവീകരിച്ചെന്ന് കാണിച്ച് ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഗ്രാമപഞ്ചായത്ത് അംഗവും പ്രദേശവാസികളും പ്രതിഷേധം രേഖപ്പെടുത്തിയത്. കുടിവെള്ള പദ്ധതിയിൽ രണ്ട് ലക്ഷം മുടക്കി ബ്ലോക്ക് പഞ്ചായത്ത് മോട്ടർ സ്ഥാപിച്ചിരുന്നു. എന്നാൽ ഗുണനിലവാരമില്ലാത്ത സ്റ്റാർട്ടറും അനുബന്ധ സാധനങ്ങളും ഉപയോഗിച്ചതോടെ മോട്ടർ തകരാറിലായി. ഇതേ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറോഡ് കാര്യം ധരിപ്പിച്ചപ്പോൾ വേണമെങ്കിൽ പ്രദേശവാസികൾ ചേർന്ന് അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് മറുപടി പറഞ്ഞതെന്ന് ഗ്രാമപഞ്ചായത്തംഗം പറയുന്നു. നിലവിൽ 2.6 ലക്ഷം രൂപ ചെലവഴിച്ചെന്ന് പറയുമ്പോഴും രണ്ട് ലക്ഷം രൂപയുടെ മോട്ടോർ മാത്രമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. മോട്ടോറിന് ഗുണനിലവാരം ഇല്ലാത്ത സാധനസാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നതും. കൂടാതെ കിണറിന് ചുറ്റും കോൺക്രീറ്റ് ചെയ്യുന്നതിനായി മണ്ണ് നീക്കുകയും കോൺക്രീറ്റ് ചെയ്തു എന്നുമാണ് പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട വിവരാവകാശരേഖ പറയുന്നത്. എന്നാൽ വിവരാവകാശ രേഖയിൽ പറഞ്ഞിട്ടുള്ള പണികളൊന്നും നടത്തിയിട്ടില്ലെന്നാണ് പ്രദേശിവാസികൾ ആരോപിക്കുന്നത്.