varghse
തോപ്രാംകുടിയിൽ നടന്ന കർഷക കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തോപ്രാംകുടിയിൽ വൻ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. ഇടുക്കിയുടെ ഭൂമി സംബന്ധിച്ച വിഷയങ്ങളിൽ സ്ഫടിക തുല്യമായ നിലപാടും ഉറച്ച തീരുമാനങ്ങളും ഉത്തരവുകളും ഉണ്ടായിട്ടുള്ളത് എൽ.ഡി.എഫ് സർക്കാരുകളിൽ നിന്ന് മാത്രമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. തോപ്രാംകുടിയിൽ നടന്ന കർഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.വി. വർഗീസ്. 10 ചെയിൻ പ്രദേശത്ത് 7 ചെയിനുകളിലും എൽ.ഡി.എഫ് സർക്കാർ പട്ടയം നൽകി. അരലക്ഷം പേർക്ക് ഉപാധിരഹിത പട്ടയം നൽകി. ഇരട്ടയാർ പദ്ധതി പ്രദേശത്ത് പൂർണമായും പട്ടയം നൽകി. ഗോത്ര ജനവിഭാഗങ്ങൾക്ക് യു.ഡി.എഫ് സർക്കാർ വനാവകാശ രേഖ നൽകി വഞ്ചിച്ചെങ്കിൽ അത് തിരികെ വാങ്ങി പൂർണ അവകാശമുള്ള പട്ടയം നൽകുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്. പട്ടയത്തിന്റെ വരുമാന പരിധി എടുത്തു കളഞ്ഞു. കൈമാറ്റ അവകാശം പുനഃസ്ഥാപിച്ചു. ഒരേക്കർ പട്ടയം എന്നത് നാല് ഏക്കറായി ഉയർത്തി. സങ്കീർണമായ 1960 ലെ ഭൂ നിയമം ഭേദഗതി ചെയ്തു. ബാക്കി പട്ടയം നൽകുന്നതിനുള്ള വിവരശേഖരം നടന്നു വരികയാണ്. ഷോപ്‌സൈറ്റുകൾക്കും ആരാധനാലയങ്ങൾക്കും പട്ടയം നൽകാനൊരുങ്ങുകയാണ് പിണറായി സർക്കാർ. വസ്തുതകൾ ഇതായിരിക്കെ കപട സംഘടനകളുടെ കെണിയിൽ വീണ് പോകുന്നവർ സത്യം തിരിച്ചറിയണമെന്നും സി.വി. വർഗീസ് പറഞ്ഞു. യോഗത്തിൽ ബേബി കാഞ്ഞിരത്താനം അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ. സലിംകുമാർ, ജോസ് പാലത്തിനാൽ, റോമിയോ സെബാസ്റ്റ്യൻ, ജോർജ്ജ് അമ്പഴം, ജോസഫ് പടവൻ, അപ്പച്ചൻ പേഴത്തിങ്കൽ എന്നിവർ സംസാരിച്ചു. കെ.യു. വിനു സ്വാഗതം പറഞ്ഞു.