കുമളി: കേരളത്തിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചതോടെ കള്ളപ്പണക്കടത്ത് സംബന്ധിച്ച് പരിശോധനകൾ തകൃതിയായത് ജനങ്ങളെ വലയ്ക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രേഖകളില്ലാതെ കൊണ്ടുപോകാവുന്ന തുക അമ്പതിനായിരമായി നിശ്ചയിച്ചതാണ് ഏലം കർഷകർക്കും കച്ചവടക്കാർക്കുമൊക്കെ ബുദ്ധിമുട്ടായത്. ഏലയ്ക്കാ വിൽപ്പന നടത്തി കിട്ടുന്ന പണമായാലും ഏല തോട്ടത്തിലെ തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കൊണ്ടുപോകുന്ന പണമായാലും പരിശോധകരുടെ കണ്ണിൽ പെട്ടാൽ മതിയായ രേഖകളില്ലെന്ന് പറഞ്ഞ് പിടിച്ചെടുക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നും വൻ തുകകൾ ഇരുചക്ര വാഹനങ്ങളിൽ കേരളത്തിലെത്തുന്നതായാണ് വിവരം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി തമിഴ്നാട്ടിൽ നിന്ന് പണം എത്തിച്ചു കൊടുക്കുന്ന സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് ഇവർ പണം കടത്തുന്നതിന് ഏറയും ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ കമ്പത്തേയ്ക്ക് സർവ്വീസ് നടത്തുന്ന ബസുകളിൽ സ്ത്രീകളും പണം കടത്തുവാൻ രംഗത്തുണ്ട്.

അരിച്ച്പെറുക്കി

ഉദ്യോഗസ്ഥർ

കേരളത്തിലും തമിഴ്നാട്ടിലും വീഡിയോ ക്യമറയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ ആഡംമ്പര കാറുകൾ അരിച്ചു പെറുക്കി പരിശോധന നടത്തുമ്പോൾ ഇവർക്ക് മുമ്പിലൂടെ ലക്ഷങ്ങളാണ് ലക്ഷ്യ സ്ഥാനത്തെത്തുന്നത്. സ്വന്തം അത്യാവശ്യത്തിന് പണം കൊണ്ടുപോകേണ്ടതായി വന്നാൽ കർഷകരും തോട്ടം ഉടമകളും ജോലിക്ക് വരുന്ന തൊഴിലാളികളെ ആശ്രയിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. തൊഴിലാളികളുമായി പോകുന്ന വാഹനങ്ങൾ പരിശോധന നടത്താറില്ലാത്തത് പലർക്കും ഉപകാരമായി മാറിയിട്ടുണ്ട്.