തൊടുപുഴ: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമാണാനുമതിക്ക് വേണ്ട പ്ലാൻ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ നഗരസഭയുടെ മുന്നിൽ ധർണ നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ തൊഴിൽ സംരക്ഷണ സമരത്തിന്റെ ഭാഗമായാണ് ധർണ നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 500 എൻജിനിയർമാർ പങ്കെടുത്തു. ധർണ മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് പി.എൻ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജോ മുരളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ബി. അനിൽകുമാർ, സംസ്ഥാന സമിതി അംഗം അഗസ്റ്റിൻ ജോസഫ്, ലെൻസ്‌ഫെഡ് ജില്ലാ സെക്രട്ടറി സുബിൻ ബെന്നി, ജില്ലാ ട്രഷറർ രാജേഷ് എസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ദീപക്, കൗൺസിലർ അഡ്വ. ജോസഫ് ജോൺ തുടങ്ങിയവർ സംസാരിച്ചു.