kads

തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹകരണത്തോടെ ആരംഭിച്ച നാട്ടുചന്തകൾ കർഷകർക്കും ഉപഭോക്താക്കൾക്കും പാത്തനുണവർവ്വായി. കരിമണ്ണൂർ, ഉടുമ്പന്നൂർ, കുമാരമംഗലം പഞ്ചായത്തുകളിലാണ് നാട്ടുചന്തകൾ പ്രവർത്തനം ആരംഭിച്ചത്. പഴയകാല ചന്തകളുടെ പുനരാവിഷ്‌കരണമാണ് നാട്ടുചന്തകളുടെ പ്രത്യേകത. ഒരു കർഷകന്റെ വീട്ടുമുറ്റമാണ് നാട്ടുചന്തയായി രൂപം കൊള്ളുന്നത്. ഉത്പന്നങ്ങളുമായി എത്തുന്ന കർഷകർ വീട്ടുമുറ്റത്ത് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ കർഷകരിൽ നിന്ന് നേരിട്ട് ഉ വാങ്ങുകയും പണം അപ്പോൾ തന്നെ കർഷകർക്ക് കൈമാറുകയും ചെയ്യുന്നു. ഇതിനിടയിൽ കമ്മിഷനോ മറ്റ് ഫീസുകളോ ഈടാക്കുന്നില്ല എന്നതാണ് നാട്ടുചന്തയുടെ ഏറ്റവും വലിയ ആകർഷണം. ഡിമാന്റ് കൂടുതലാണെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച വിലയിൽ കൂടുതൽ കർഷകർക്ക് ലഭിക്കും. എന്നാൽ നിശ്ചയിക്കപ്പെട്ട വിലയിൽ കുറയുകയുമില്ല എന്നതാണ് മറ്റൊരാകർഷണം. നാട്ടുചന്തയുടെ സമയം വൈകിട്ട് 4 മുതൽ 6 വരെയാണ്. ആറുമണിക്ക് ശേഷം മിച്ചം വരുന്ന ഉത്പന്നങ്ങൾ രൊക്കവിലയ്ക്ക് കാഡ്സ് മാർക്കറ്റുകളിലേക്ക് കൊണ്ടുപോകും. 3 പഞ്ചായത്തുകളിലുമായി 40,000 രൂപയുടെ ഉത്പന്നങ്ങൾ എത്തിച്ചേർന്നു.നാട്ടുചന്തകളുടെ ഉദ്ഘാടനം കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ നിർവഹിച്ചു. കരിമണ്ണൂർ നാട്ടുചന്തയുടെ ആദ്യ സ്‌പോട് പർച്ചേസ് കരിമണ്ണൂർ എഫ്.സി കോൺവെന്റ് മദർ സി. എമിലിയും ഉടുമ്പന്നൂർ നാട്ടുചന്തയിലെ ആദ്യ സ്‌പോട് പർച്ചേസ് സാജു മാമ്മൂട്ടിലും കുമാരമംഗലം നാട്ടുചന്തയിലെ ആദ്യ സ്‌പോട് പർച്ചേസ് സാലി തോമസും നിർവഹിച്ചു. എല്ലാ ആഴ്ചകളിലും നടക്കുന്ന ഈ ചന്ത കരിമണ്ണൂർ പഞ്ചായത്തിൽ ശനിയാഴ്ചയും ഉടുമ്പന്നൂർ പഞ്ചായത്തിൽ ഞായറാഴ്ചയും കുമാരമംഗലം പഞ്ചായത്തിൽ തിങ്കളാഴ്ചയും നടക്കും. ഏപ്രിൽ മാസത്തിൽ വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളിൽ നാട്ടുചന്തകൾ പ്രവർത്തനം ആരംഭിക്കുമെന്ന് ആന്റണി കണ്ടിരിക്കൽ അറിയിച്ചു.