കട്ടപ്പന: വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൊലവിളി നടത്തുമ്പോൾ വീണ്ടും വോട്ട് ചോദിച്ചെത്താൻ ഇടത്- വലത് മുന്നണികൾക്കെങ്ങനെ സാധിക്കുന്നുവെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ ഇടുക്കി ലോക്‌സഭ മണ്ഡല തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങൾ തടയാൻ പോലും കഴിയാത്തവരെ ഇനിയും ജയിപ്പിക്കണോയെന്ന് ജനങ്ങൾ ചിന്തിച്ച് തീരുമാനം എടുക്കണം. വന്യജീവികൾ മറ്റു സംസ്ഥാനങ്ങളിലും ഉണ്ട്. എന്നാൽ വന്യജീവികളെ വനത്തിനുള്ളിൽ തന്നെ നിലനിറുത്താനുള്ള ശ്രമം അവിടങ്ങളിൽ നടത്തുന്നുണ്ട്. എന്നാൽ ഈ ശ്രമം കേരളത്തിൽ നടത്താതിരിക്കുന്നത് മനപ്പൂർവമാണ്. വന്യജീവി ആക്രമണങ്ങൾ പേടിച്ച് ആളുകൾ നാടുവിട്ട് പോകുന്നതാണ് ഇവർക്ക് താത്പര്യം. നാനൂറിലധികം സീറ്റുകൾ നേടി നരേന്ദ്ര മോദി സർക്കാർ അധികാരം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി സംഗീതാ വിശ്വനാഥനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എൻ.ഡി.എ ജോയിന്റ് കൺവീനർ പ്രതീഷ് പ്രഭ സ്വാഗതമാശംസിച്ചു. എൻ.ഡി.എ ഇടുക്കി കൺവീനർ കെ.എസ് അജി അദ്ധ്യക്ഷനായിരുന്നു. ഇടുക്കി ലോക്‌സഭ മണ്ഡലം ഇൻചാർജ് എൻ. ഹരി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ശ്രീനഗരിരാജൻ, പത്മകൃഷ്ണ അയ്യർ, മോസസ്, ബാലമുരുകൻ, റെജി കുമാർ, സി. സന്തോഷ് കുമാർ,രതീഷ് വരകുമല, പി.പി. സജീവ്, പി. രാജൻ, പി.പി. സാനു, ശ്രീവിദ്യ രാജേഷ്, സന്തോഷ് തോപ്പിൽ, ബിനീഷ് കെ.പി,മനേഷ് കുടിക്കയത്ത്, പാർത്തേശൻ ശശികുമാർ, ബിജിത ബോസ്, വി.എൻ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.