തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിലെ ഇരുമ്പ് ഗ്രില്ലിനിടയിൽ യുവതിയുടെ കാൽ കുടുങ്ങി. തൊടുപുഴയിൽ പഠന ആവശ്യത്തിനായി എത്തിയ കോട്ടയം തിരുവഞ്ചൂർ സ്വദേശിനിയുടെ (35) കാലാണ് ഗ്രില്ലിനിടയിൽ പോയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സെത്തിയാണ് യുവതിയെ രക്ഷിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടെ ഗ്രില്ലിന്റെ വീതി കുറഞ്ഞ വിടവിൽ യുവതിയുടെ കാൽ അകപ്പെടുകയായിരുന്നു. കാൽ പുറത്തേക്ക് എടുക്കാനാവാതായതോടെ യുവതി നിലത്ത് ഇരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തൊടുപുഴയിൽ നിന്നുള്ല ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച് ഗ്രില്ല് അകറ്റിയ ശേഷമാണ് യുവതിയുടെ കാൽ പുറത്തെടുക്കാനായത്. കാലിന് പരിക്കേറ്റ യുവതിയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേന യൂണിറ്റ് അസി. സ്റ്റേഷൻ ഓഫിസർ സാജൻ വർഗീസിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ജോബി, ജൂബി, ജിനിഷ്‌കുമാർ, ഷിബിൻ, അനിൽ, സോജൻ, പ്രവീൺ, ഷാജി, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
അപകടക്കെണിയിൽ വീഴുന്നത് ആദ്യമല്ല
നഗരസഭയുടെ കീഴിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പാലാ റോഡിലുള്ള പ്രവേശന കവാടത്തിന് മുന്നിലെ ഗ്രില്ലാണ് വർഷങ്ങളായി യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നത്. ഇതിനു മുമ്പും ഇവിടെ ബസ് ജീവനക്കാർ ഉൾപ്പെടെ പലരുടെയും കാൽ കുടുങ്ങിയിട്ടുണ്ട്. കാലപ്പഴക്കത്താൽ ഗ്രില്ലിന്റെ ഇരുമ്പ് ദണ്ഡുകൾ ഒടിഞ്ഞ അവസ്ഥയിലാണ്. ഇവിടെ ബസ് ജീവനക്കാരും മറ്റും ഗ്രില്ല് പോയ ഭാഗത്ത് കല്ലും മറ്റും വച്ചാണ് യാത്രക്കാരെ അപകടത്തിൽ നിന്ന് രക്ഷിക്കുന്നത്. മതിയായ കട്ടി ഇല്ലാത്ത ഇരുമ്പ് ദണ്ഡുകൾ കൊണ്ട് ഗ്രില്ല് സ്ഥാപിച്ചതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് നഗരവാസികളും യാത്രക്കാരും പറയുന്നു. ചില ഭാഗത്ത് ഇരുമ്പ് ദണ്ഡുകൾ അകന്ന നിലയിലാണ്. ഈ അപകടം ഒഴിവാക്കാൻ നഗരസഭയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.