തൊടുപുഴ: ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് പിന്നോട്ട് ഉരുണ്ട് സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂലമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന തുഷാരം ബസാണ് പിന്നോട്ട് ഉരുണ്ടത്. ബസ് സ്റ്റാൻഡിന്റെ പിൻഭാഗത്ത് പാർക്ക് ചെയ്തിരുന്ന ബസിൽ നിന്ന് ഡ്രൈവർ പുറത്തിറങ്ങിയ ശേഷം മറ്റൊരു ജീവനക്കാരൻ കയറി ബസ് സ്റ്റാർട്ട് ചെയ്‌പ്പോഴാണ് ബസ് പെട്ടെന്ന് പിന്നോട്ട് ഉരുണ്ടതെന്ന് പറയുന്നു. ബസ് സ്റ്റാൻഡിനു പിൻ ഭാഗത്ത് അതിർത്തി തിരിച്ച് നിർമ്മിച്ചിരുന്ന ക്രാഷ് ബാരിയർ കാല പഴക്കത്താൽ തകർന്ന നിലയിലാണ്. ഇത് ഇടിച്ച് തകർത്ത് കയറിയ ബസ് ഇതിനു ചേർന്ന് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്ക് മുകളിൽ കയറിയാണ് നിന്നത്. തൊട്ടടുത്തുള്ള കടയുടെ അടുത്ത് വരെ ബസ് എത്തിയെങ്കിലും ഈ ഭാഗത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വിവരം അറിഞ്ഞ് എത്തിയ ട്രാഫിക് പൊലീസും നഗരവാസികളും ചേർന്നാണ് ഇരു ചക്ര വാഹനങ്ങൾ വലിച്ചു പുറത്തെടുത്തത്.
നഗരസഭ ബസ് സ്റ്റാൻഡിനു പിന്നിൽ അതിർത്തി തിരിച്ച് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറുകൾ തരുമ്പെടുത്ത് തകർന്ന അവസ്ഥയിലാണ്. ഇത് പുനർനിർമിക്കുന്ന കാര്യത്തിലും ബസ് സ്റ്റാൻഡിന്റെ ശുചീകരണ കാര്യത്തിലും നഗരസഭ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.