രാജാക്കാട്: ചിന്നക്കനാൽ മേഖലയിൽ കാട്ടാനയാക്രമണം ഇടവേളയില്ലാതെ തുടരുകയാണ്. ഇന്നലെ പുലർച്ചെ അക്രമകാരിയായ ചക്കക്കൊമ്പൻ സിങ്കുകണ്ടത്തെ സെന്റ് തോമസ് പള്ളിയുടെ സംരക്ഷണവേലി തകർത്തു. ഇതോടൊപ്പം പ്രദേശത്തെ ഏക്കർ കണക്കിന് സ്ഥലത്തെ ഏലകൃഷിയും നശിപ്പിച്ചു. ചക്കക്കൊമ്പനൊപ്പം മുറിവാലൻ കൊമ്പനും പ്രദേശത്ത് ചുറ്റിത്തിരിയുകയാണ്. സിങ്കുകണ്ടം, ബി.എൽ. റാം, ആനയിറങ്കൽ മേഖലകൾ മാറി മാറി സഞ്ചരിക്കുകയാണ് ഈ കൊമ്പൻമാർ. രാത്രികാലങ്ങളിൽ പ്രദേശത്തെ ജനങ്ങൾ ഉറക്കമില്ലാതെ കഴിച്ചു കൂട്ടുകയാണ്. ഏതു സമയത്തും കാട്ടാനയാക്രമണമുണ്ടാകാമെന്ന ഭയമാണിതിന് കാരണം. രാവിലെ കൃഷിയിടങ്ങളിലേക്കും എസ്റ്റേറ്റുകളിലേക്കും ജോലിക്ക് പോകുന്നവരും ജീവൻ കൈയിൽ പിടിച്ചാണ് സഞ്ചരിക്കുന്നത്. അതേ സമയം ദിവസങ്ങളായി ദേവികുളം മേഖലയിൽ തുടരുന്ന പടയപ്പ് വീണ്ടും ജനവാസ മേഖലയിലെത്തി. വാഹനങ്ങൾ തടയുന്നതും ആക്രമിക്കുന്നതും ആന പതിവാക്കിയതോടെ നാട്ടുകാർ ആശങ്കയിലാണ്. ഇന്നലെ പുലർച്ചെ ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലാണ് പടയപ്പ എത്തിയത്.

ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.