തൊടുപുഴ: ക്യൂ.ഐ.പി അദ്ധ്യാപക സംഘടനകളോടു പോലും ആലോചിക്കാതെ അവധിക്കാലത്ത് എസ്.സി.ഇ.ആർ.ടിയും എസ്.എസ്.കെയും സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളോട് സഹകരിക്കില്ലെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എം. നാസർ. തൊടുപുഴ സബ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫണ്ട് വിനിയോഗത്തിന് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കരുവാക്കാനുള്ള നീക്കം അനുവദിക്കില്ല. ശിശുവിദഗ്ദ്ധർ പോലും കുട്ടികൾക്ക് അവധിക്കാലം നൽകേണ്ട പ്രാധാന്യം ഗൗരവപൂർവ്വം ഉണർത്തി അവധിക്കാല ക്യാമ്പുകൾ വരെ ഇല്ലാതാക്കുമ്പോൾ യാതൊരു ചർച്ചകളും നടത്താതെ ഏകപക്ഷീയമായ തീരുമാനങ്ങൾ കുട്ടികളുടെ അവകാശങ്ങൾ ഹനിക്കലാണ്. ഇലക്ഷൻ ഡ്യൂട്ടിയും അദ്ധ്യാപക പരിശീലനങ്ങളും പുതിയ അദ്ധ്യയന വർഷത്തേക്കുള്ള മുന്നൊരുക്കങ്ങളുമായി അദ്ധ്യാപകർ അവധിക്കാലത്ത് തയ്യാറെടുപ്പുകൾ നടത്തുന്ന സമയത്ത് പുതിയ പരിഷ്‌കാരങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കും. സർക്കാരിന്റെ ഈ മേഖലയിലെ പരാജയം മറച്ചുവെയ്ക്കാനാണ് പുതിയ പദ്ധതികളുമായി ഇറങ്ങിയിട്ടുള്ളതെന്നും ഉത്തരവാദിത്വപ്പെട്ട അദ്ധ്യാപക സംഘടനകളുമായി പോലും ചർച്ചുകളില്ലാതെ മാദ്ധ്യമങ്ങളിലൂടെ കാര്യങ്ങൾ അറിയേണ്ട ജനാധിപത്യവിരുദ്ധ അദ്ധ്യാപക ദ്രോഹ നയങ്ങൾ സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സബ് ജില്ലാ പ്രസിഡന്റ് ഷിന്റോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ബിജോയ് മാത്യു, സജി മാത്യു, ദീപു ജോസ്, രതീഷ് വി.ആർ, സുനിൽ ടി. തോമസ്, രാജിമോൻ ഗോവിന്ദ്, ബിജു ഐസക്, ജോസഫ് മാത്യു, ജീസ് എം. അലക്‌സ്, സിനി ട്രീസ, മിനിമോൾ ആർ, ജിൻസ് കെ. ജോസ് എന്നിവർ സംസാരിച്ചു.